ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകൽ; ശുപാർശ കത്ത് പുറത്തായതിൽ ആഭ്യന്തരവകുപ്പ് അന്വേഷണം


തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാർശ ചെയ്ത കത്ത് പുറത്തായതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോർന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പൊലീസിൽ നിന്നാണോ കത്ത് ചോർന്നതെന്ന് കണ്ണൂർ ഡിഐജിയുമാണ് അന്വേഷിക്കുക. അണ്ണൻ സിജിത്, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാൻ നീക്കം നടന്നു എന്നായിരുന്നു ആരോപണം ഉയർന്നത്.

കണ്ണൂർ ജയിൽ സൂപ്രണ്ട് 56 പേരുടെ പട്ടികയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയത്. പ്രത്യേക ഇളവ് നൽകി പ്രതികളെ വിട്ടയക്കുന്നതിന്റെ ഭാഗമായി പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വേണമെന്നായിരുന്നു ആവശ്യം. ജൂൺ 13 നാണ് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. സംഭവം വിവാദമായതോടെ ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ആലോചിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും എന്നും സർക്കാർ പറഞ്ഞിരുന്നു.