വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്; തൊട്ടില്‍പാലം സ്വദേശി ഉള്‍പ്പെടെ രണ്ടുപേർ പിടിയില്‍


കല്‍പ്പറ്റ: വയനാട്ടില്‍ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. തൊട്ടില്‍പാലം സ്വദേശി നിജിന്‍, കായക്കൊടി സ്വദേശി ഇ.വി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. തൊണ്ടര്‍നാട് മട്ടിലയത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയോളം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

ഓട്ടോറിക്ഷയിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളിയില്‍ നിന്നും കഞ്ചാവ് വാങ്ങി നാട്ടില്‍ ചില്ലറ വില്‍പ്പന നടത്താനായി കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.