അടിച്ചമർത്തലും നീതി നിഷേധവും ചെറുത്തു തോൽപിച്ച് മുന്നേറിയ നാടിന്റെ കഥയറിയാം; സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയില്‍ ചരിത്ര പ്രദര്‍ശനം
വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രദർശനത്തിനും കലാപരിപാടികൾക്കും തുടക്കമായി. അടിച്ചമർത്തലും നീതി നിഷേധവുമെല്ലാം ചെറുത്തു തോൽപിച്ച് നാട് മുന്നേറിയ ചരിത്രവും വർത്തമാനവും സംവദിക്കുന്ന ചരിത്ര പ്രദർശനം വടകര ലിങ്ക് റോഡിന് സമീപമാണ് നടക്കുന്നത്. 1957 മുതൽ കേരളത്തിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാറുകൾ നടത്തിയ ജനോപകാര വികസന പ്രവർത്തനങ്ങൾ, ലോക വിപ്ലവങ്ങൾ, തൊഴിലാളി, കർഷക സമര പോരാട്ടങ്ങൾ, കളരി ആയോധന കലകൾ, പഴയ കാല കാർഷിക ഉപകരണങ്ങൾ എന്നിവ മനസിലാക്കാനും പഠിക്കാനും ഉപകരിക്കും വിധമാണ് ചരിത്ര പ്രദർശനം സജ്ജമാക്കിയിരിക്കുന്നത്.
നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജന. കൺവീനർ സി ഭാസ്കരൻ അധ്യക്ഷനായി. മുൻ മന്ത്രി സി കെ നാണു, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, ഡോ. കെ എം ജയശ്രീ, എം നാരായണൻ, സി വത്സകുമാർ എന്നിവർ സംസാരിച്ചു.
രാജാറാം തൈപ്പള്ളി രചിച്ച ‘മണ്ടോടി കണ്ണൻ സമര ജീവിതം’ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് ടി പി രാമകൃഷ്ണൻ പ്രകാശിപ്പിച്ചു. എസ് രോഹിത് പുസ്തകം ഏറ്റുവാങ്ങി. ചത്വരത്തിൽ നാളെ നടക്കുന്ന യുവജന സംഗമം വൈകിട്ട് അഞ്ചിന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി ഏഴിന് കലാപരിപാടികൾ അരങ്ങേറും.
summary: Historical exhibition in Vadakara on the occasion of CPM district conference