മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ല; ആന എഴുന്നള്ളിപ്പ് കേസിൽ കൊച്ചിൻ ദേവസ്വം ബോഡിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആന എഴുന്നള്ളിപ്പ് കേസിൽ കൊച്ചിൻ ദേവസ്വം ബോഡിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് നടത്തിയ ആന എഴുന്നള്ളിപ്പ് ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിൽ നിങ്ങൾക്ക് എന്തും ചെയ്യാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ജാമ്യമില്ലാ കുറ്റമാണ് ചെയ്തതെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ആനകൾ തമ്മിൽ അകലം പാലിച്ചില്ലന്ന് കോടതി നിരീക്ഷിച്ചു. സുരക്ഷാ കാരണമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത് എന്ന് മനസ്സിലാക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇക്കാര്യം ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാനാകുമെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഉത്സവത്തിനുള്ള അനുമതി റദ്ദാക്കാൻ ഒരു ലംഘനം തന്നെ മതിയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ മനഃപൂർവം ലംഘിക്കുകയാണ്. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷയാണ് പരമപ്രധാനം. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ദേവസ്വം ഓഫീസറോട് കോടതി വിശദീകരണം തേടി.