ഇന്നും മഴയ്ക്ക് സാധ്യത; ഇരുപത്തിയാറു വരെ കനത്ത മഴയുടെ നാളുകൾ; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വേണം ജാഗ്രത


കോഴിക്കോട്: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഇരുപത്തിയാറാം തീയ്യതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് വീണ്ടും ശക്തമായതോടെയാണ് വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ മഞ്ഞ അലര്‍ട്ട് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍:

23-08-2022: കോട്ടയം, എറണാകുളം, ഇടുക്കി

24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

25-08-2022: കോട്ടയം, ഇടുക്കി

26-08-2022: ഇടുക്കി

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്നും നാളെയും തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നും അറിയിച്ചു.