കനത്ത മഴയില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; കൊയിലാണ്ടി താലൂക്കില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു


പേരാമ്പ്ര: കനതത്ത മഴയില്‍ പേരാമ്പ്രയില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കടിയങ്ങാട് എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് തുടങ്ങിയത്. ഒമ്പതാം വാര്‍ഡ് മഹിമ സ്റ്റോപ്പിന് സമീപത്തുള്ള സുലോചന കോവുമ്മല്‍ എന്നവരുടെ കുടുംബത്തിലെ മൂന്ന് പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ചങ്ങരോത്തിന് പുറമെ ബാലുശ്ശേരിയിലും വടകരയും ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ബാലുശ്ശേരി ഗവ. എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ആറ് കുടുംബങ്ങളില്‍ നിന്നായി ഏഴ് പുരുഷന്മാരും പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമുള്‍പ്പെടെ 20 പേരാണുള്ളത്.

വടകര താലൂക്കില്‍ ഇതുവരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാവിലുംപാറ പഞ്ചായത്തിലും നാദാപുരം പഞ്ചായത്തിലുമാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. കാവിലുംപാറ ബഡ്‌സ് സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളില്‍ നിന്നായി മൂന്നു പുരുഷന്‍മാരെയും മൂന്ന് സ്തീകളെയും നാല് കുട്ടികളും ഉള്‍പ്പടെ 11 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നാദാപുരം ഗവ.യുപി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ വാര്‍ഡ് 21 ലെ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് പുരുഷന്‍മാരും അഞ്ചു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെ 13 പേരാണ് ക്യാമ്പിലുള്ളത്.

കൊയിലാണ്ടി താലൂക്കിന് കീഴിലെ 19 വില്ലേജുകളിലായി 19 വീടുകളും കോഴിക്കോട് താലൂക്കിന് കീഴിലുള്ള വിവിധ വില്ലേജുകളിലായി അഞ്ച് വീടുകളും ഭാഗികമായി തകര്‍ന്നു.

വടകര വില്ലേജിലും മണിയൂര്‍ വില്ലേജിലെ കുറുന്തോടിയിലും ഒരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിരുവള്ളൂര്‍ പഞ്ചായത്തില്‍ ഒരു വീടിന്റെ മേല്‍ക്കുര തകര്‍ന്നു. നരിപ്പറ്റ വില്ലേജില്‍ മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീടിന്റെ ഒരു ഭാഗവും കാവിലുംപാറ വില്ലേജില്‍ വീടിന് മുകളില്‍ മരം വീണും വീട് ഭാഗികമായും തകര്‍ന്നു.

വേളം വില്ലേജില്‍ മണ്ണിടിച്ചില്‍ ഭീഷണിയുയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളിലെയും 14 അംഗങ്ങളോട് ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി. മഴക്കെടുതി കാരണം തുണേരി വില്ലേജ് ചാലപ്രം ദേശത്ത് രണ്ട് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുന്നുമ്മല്‍ വില്ലേജില്‍ കുളങ്ങരത്ത് വീടുകളില്‍ വെള്ളം കയറിയതിനാല്‍ നാല് കുടുംബങ്ങളും പുറമേരി വില്ലേജില്‍ അരുരില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ രണ്ട്കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് താമസം മാറി. പാലയാട് വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ രണ്ട് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് താമസം മാറി.

ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 – 2371002

 

കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100

വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361

കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967

താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088