ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: ഒറ്റപ്പെട്ട ശക്തമായ മഴക്കയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ അഞ്ചു ദിവസം യെല്ലോ അലേർട്ട്


കോഴിക്കോട്: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ:

വ്യാഴം (08-09-2022): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
വെള്ളി (09-09-2022): തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ശനി (10-09-2022): തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ഞായർ (11-09-2022): മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
തിങ്കൾ (12-09-2022): കോഴിക്കോട്, കണ്ണൂർ, കാസർകോട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്.

Summary: Heavy rain Kozhikode Yellow alert