കോഴിക്കോടുൾപ്പെടെ നാല് ജില്ലകളിൽ രാത്രി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യ ബന്ധനം പാടില്ല; വേണം അതീവ ജാഗ്രത


കൊയിലാണ്ടി: കോഴിക്കോടുൾപ്പെടെ നാല് ജില്ലകളിൽ രാത്രി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത അറിയിച്ചത്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം.

മറ്റു ജില്ലകളില്‍ നേരിയ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. രാത്രി ഏഴ് മണിക്ക് പുറപ്പെടുവിച്ച അറിയിപ്പിലാണ് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചിച്ചിട്ടുള്ളത്. അതേസമയം അടുത്ത 5 ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മഴ സാധ്യത പ്രവചന പ്രകാരം ഇന്നും നാളെയും മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ദിവസവും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ വൻ നാശ നഷ്ട്ടങ്ങൾ ഉണ്ടായി.