കുട കരുതാന്‍ മറക്കേണ്ട; സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലെര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ള കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള-കര്‍ണാടക തീരങ്ങളില്‍ നാളെ മുതല്‍ 10 വരെ മണിക്കൂറില്‍ 40 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ കടലില്‍ പോകാന്‍ പാടില്ല. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍

  • ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
  • മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
  • വിനോദസഞ്ചാരികള്‍ രാത്രി യാത്രകളും ജലാശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.
  • വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
  • ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.

മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ കൂടി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മിന്നലിനെതിരായ ജാഗ്രത പാലിക്കാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.