ജില്ലയിൽ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് തുടരുന്നു; വിവിധയിടങ്ങളിൽ നാശനഷ്ടം, ഇതുവരെ തകർന്നത് അമ്പതിലേറെ വീടുകൾ


കോഴിക്കോട്: ജില്ലയിൽ മഴ കനക്കുകയാണ്. വരുന്ന ചൊവ്വാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ വ്യാപക മഴക്കാണ് സാധ്യത.

തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്.ഈ കാരണത്താലാണ് കേരളത്തില്‍ വ്യാപക മഴ ലഭിക്കുന്നത്. കോഴിക്കോടിന് പുറമെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിലും ഇന്ന് യെലോ അലര്‍ട്ട് ആണ്.

അതേസമയം, ജാഗ്രത നിര്‍ദ്ദേശം കണക്കിലെടുത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍കോട് , ആലപ്പുഴ , കോട്ടയം , ഇടുക്കി , എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് സാഹചര്യം കണക്കിലെടുത്ത് നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ, നിരവധി നാശനഷ്ടങ്ങളും ഉണ്ടായി. ഇക്കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം തകർന്ന വീടുകളുടെ എണ്ണം അമ്പതിലധികമായി. കക്കയം ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നതോടെ ജലനിരപ്പ് ഉയർന്നു. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഡാമിന് സമീപത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്നത് നിർദേശം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ഇതിനിടയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നിക്കായുള്ള തിരച്ചിൽ ആറാം ദിനത്തിലും തുടരുന്നു. മഴ അൽപ്പം ശമിച്ചെങ്കിലും ഒഴുക്ക് ശക്തമായതിനാൽ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

ജൂലൈ 12ന് കോട്ടയം , ഇടുക്കി , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് എന്നീ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഇന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇതിന് പുറമെ, 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

കനത്ത മഴ, കാറ്റ് എന്നിവ കണക്കിലെടുത്ത് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും ജനങ്ങള്‍ വേണ്ട മുന്നറിയിപ്പു നല്‍കുകയാണ്. ജൂലൈ 9 -ാം തീയതി രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ഈ മുന്നറിയിപ്പ്. അതിനാല്‍, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്.


Summary: Heavy rain is likely in Kerala till next week