കാലവർഷം ശക്തമായതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ ദുരന്തം വിതച്ച് മഴ കെടുതികളും; കൺട്രോൾ റൂമുകൾ തുറന്നു; അത്യാവശ്യ ഘട്ടങ്ങളിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാം


പേരാമ്പ്ര: കാലവർഷം ശക്തമായതോടെ ജില്ലയിൽ വിവിധയിടങ്ങളിൽ മഴക്കെടുതികൾ മൂലമുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ കണ്ട്രോൾ റൂം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂമുകളാണ് പ്രവർത്തനമാരംഭിച്ചത്. മഴക്കെടുതികൾ മൂലം എന്തെങ്കിലും ബുദ്ധിമുട്ട്‌ നേരിട്ടാൽ പേരാമ്പ്ര മേഖലയിലുള്ളവർ 0496- 2623100 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 0495- 2371002. ടോൾ ഫ്രീ 1077. താലൂക്ക് അടിസ്ഥാനത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കും.

കോഴിക്കോട്- 04952372967, കൊയിലാണ്ടി- 0496- 2623100, 0496- 2620235, വടകര- 0496- 2520361, താമരശ്ശേരി- 0495- 2224088.

കാലവർഷം ശക്തി പ്രാപിച്ചതിനാൽ അടുത്ത മൂന്നുദിവസം ജില്ലയിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേകിച്ച് തീരദേശ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകള്‍ ഒഴികെയുള്ളവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴയ്‌ക്ക് നേരിയ ശമനം ഉണ്ടാകും എന്നാണ് അറിയിപ്പ്. ഞായറാഴ്ച കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. തിങ്കളാഴ്ച കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച മുതല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വരെയാണ് വിലക്ക്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വിലക്കിനെ ലംഘിച്ച് ചൊമ്പാല ഹാര്‍ബറില്‍ വള്ളം കടലിലിറക്കിയ വ്യക്തി വള്ളം മറിഞ്ഞ് മരിച്ചു. മടപ്പള്ളി സ്വദേശി മാളിയേക്കല്‍ മഹമ്മൂദാണ് (64) മരണപ്പെട്ടത്.