താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഹർഷാദിനെ കണ്ടെത്തി; പിന്നില്‍ പത്തംഗ സംഘം, രണ്ടു പേർ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മൊബൈല്‍ കടയുടമ ഹര്‍ഷാദിനെ കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഹര്‍ഷാദിനെ 10പേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് ലഭിക്കുന്ന വിവരം. പ്രതികളുടേതെന്ന് കരുതുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 8.45 ഓടെ ആണ് വൈത്തിരിയില്‍ നിന്ന് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം ഇറക്കിവിടുകയായിരുന്നു. ശേഷം ഹര്‍ഷാദ് സമീപത്തെ കടയില്‍ കയറി ഫോണ്‍ വാങ്ങി ഉപ്പയെ വിളിച്ച് വിവരം പറഞ്ഞ് അടിവാരത്തേക്ക് ബസില്‍ യാത്ര തിരിക്കുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ വിവരം അനുസരിച്ച് ഹര്‍ഷാദിനെ കൂട്ടാനായി താമരശ്ശേരി പോലീസ് അടിവാരത്തേക്ക് പോവുകയായിരുന്നു. ഇന്നലെ രാത്രി ഏതാണ്ട് പത്തേകാലോടെയാണ് ഹര്‍ഷാദിനെ താമരശ്ശേരിയിലെത്തിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കല്‍ സ്വദേശിയായ ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. ഭാര്യ വീട്ടിലായിരുന്ന ഹര്‍ഷാദ് രാത്രി 12.30ഓടെ ഒരാള്‍ വിളിക്കുന്നു എന്ന് പറഞ്ഞ് കാറില്‍ പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് താന്‍ മലപ്പുറം ആണ് ഉള്ളതെന്ന് ഇയാള്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ അറിയിക്കുകയായിരുന്നു.
പിന്നാലെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഇതിനിടെ സംഘം 10ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഹര്‍ഷാദിന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ ഫോണ്‍കോള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് തട്ടിപ്പ് സംഘം ഹര്‍ഷാദിനെ വൈത്തിരിയില്‍ ഉപേക്ഷിച്ചത്.