മേപ്പയ്യൂര്‍ സ്‌കൂളില്‍ ക്ലാസ് മുറികളിലെ ഫര്‍ണിച്ചറും സ്വിച്ച് ബോര്‍ഡും നശിപ്പിച്ചു; സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം, പൊലീസില്‍ പരാതിയുമായി സ്‌കൂള്‍ അധികൃതർ


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. രാത്രി സമയത്ത് സ്‌കൂളിനകത്തു കയറുന്ന ഇവര്‍ സ്‌കൂളിലെ സാധന സാമഗ്രികള്‍ നശിപ്പിക്കുകയാണെന്ന്. കഴിഞ്ഞദിവസം ക്ലാസ് മുറിയില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

പ്രധാന പ്രവേശന കവാടത്തിന്റെയും ക്ലാസ് മുറികളുടെയും പൂട്ട് അടക്കം തകര്‍ത്താണ് സാമൂഹ്യവിരുദ്ധര്‍ സ്‌കൂളിലേക്ക് കയറുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സക്കീര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ക്ലാസ് മുറികളുടെ വാതിലുകള്‍ തകര്‍ത്ത് അകത്തു കയറി ഫര്‍ണീച്ചര്‍, സ്വിച്ച് ബോര്‍ഡ്, വയറിംങ് എന്നിവയെല്ലാം തകര്‍ത്തു. പലതവണയായി ഇത് ആവര്‍ത്തിക്കുകയാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളും മറ്റും ക്ലാസ് മുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളില്‍ നേരത്തെ സി.സി.ടി.വികള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെയാണ് സാമൂഹ്യവിരുദ്ധര്‍ രാത്രി സമയത്ത് ഇവിടെ തമ്പടിക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സി.സി.ടി.വികള്‍ വീണ്ടും സ്ഥാപിക്കുകയെന്നത് വലിയ സാമ്പത്തിക ചെലവ് വരുന്ന കാര്യമാണ്. ഇക്കാര്യമടക്കം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സ്‌കൂളില്‍ പി.ടി.എ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.