നടുവണ്ണൂരിന്റെ സ്മിതചിത്രം വിമാന ചിറകേറി ആകാശത്തെ തഴുകി, തെന്നലിനോട് കിന്നാരം പറഞ്ഞ് മേഘപാളികളെ കീറിമുറിച്ച് പറന്നുയരും; അഭിമാനമായി ജി.എസ്. സ്മിത
നടുവണ്ണൂര്‍: നടുവണ്ണൂരിന്റെ സ്മിതചിത്രം വിമാന ചിറകേറി ആകാശത്തെ തഴുകി, തെന്നലിനോട് കിന്നാരം പറഞ്ഞ് മേഘപാളികളെ കീറിമുറിച്ച് ഉയരങ്ങള്‍ കീഴടക്കാനായി പറന്നുയരും. കൊച്ചി മുസ്‌റിസ് ബിനാലെയുടെ പെരുമയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 – 800 വിമാനം പറക്കുമ്പോള്‍ അതിന്റെ വാലറ്റത്തെ ചിറകുകളില്‍ ഇനി കാവില്‍ കുളമുള്ളതില്‍ ജി.എസ്. സ്മിതയെന്ന അനുഗ്രഹീത ചിത്രകാരിയുടെ കരവിരുതില്‍ വിരിഞ്ഞ ചിത്രങ്ങള്‍ കൂടെയുണ്ടായിരിക്കും.
വിമാനത്തിന്റെ ടെയില്‍ ആര്‍ട്ട്, അക്രിലിക് പെയിന്റിങ്ങില്‍ വര്‍ണാഭമായ പ്രകൃതിദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ചതാണ് സ്മിതയുടെ ഈ ചിത്രം. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കല്‍ പെയിന്റിങ്.
സ്മിതയുടെ ചിത്രങ്ങള്‍ ഉയരങ്ങള്‍ കീഴടക്കി പറന്നുയരുമ്പോള്‍ കാവില്‍ എന്ന ചെറു ഗ്രാമത്തിന് അത് അഭിമാന നിമിഷംകൂടെയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസ് ലിമിറ്റഡിന്റെ ഹാങ്കറില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചിത്രം അനാച്ഛാദനം ചെയ്തു.
നടുവണ്ണൂര്‍ കാവില്‍ എന്ന കൊച്ചു ഗ്രാമത്തില്‍ കാവില്‍ പോസ്റ്റ് ഓഫീസ് പരിസരത്തെ കുളമുള്ളതില്‍ ഗോപാലന്റെ മകളായാണ് ജി.എസ്. സ്മിതയുടെ ജനനം. കുട്ടിക്കാലം മുതലേ ചിത്ര രചനയില്‍ താത്പ്പര്യം കാണിച്ച സ്മിതയെ കലാകാരനായ അച്ഛന്‍ ഗോപാലന്‍ ഒരുപാട് സ്വാധീനിച്ചിരുന്നു.
എന്നാല്‍ സ്വയമേവ ആര്‍ജ്ജിച്ചെടുത്ത കഴിവുകളാണ് സ്മിത എന്ന കലാകാരിയെ മുന്നോട്ട് നയിച്ചതും ഉയരങ്ങളിലെത്തിച്ചതും. പാതി വഴിയില്‍ നിര്‍ത്തിയ ചിത്രരചനയുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്‌സ് ചെയ്തതല്ലാതെ സാങ്കേതികമായി ചിത്രരചന പഠിക്കാതെയാണ് സ്മിത എന്ന കലാകാരി വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് തന്റെ കരവിരുതുകളാല്‍ ജന്മം നല്‍കി ഏവരേയും വിസ്മയിപ്പിക്കുന്നത്.
പതിനഞ്ച് വര്‍ഷമായി ചിത്ര രചനയെ തന്റെ പ്രൊഫഷനായ് സ്വീകരിച്ച സ്മിത എന്ന ചിത്രകാരി അക്രലിക്കിലൂടെയും, ഓയില്‍ പെയ്ന്റിലൂടെയുമാണ് തന്റെ ആശയങ്ങളെ ക്യാന്‍വാസില്‍ പ്രതിഫലിപ്പിക്കുന്നത്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്മിത ചിത്ര പ്രദര്‍ശങ്ങളും നടത്തിയിട്ടുണ്ട്. കൂടാതെ ഡെല്‍ഹി, ബോംബേ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നടന്ന ചിത്ര രചന ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. 2016 ല്‍ കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരവും അംഗീകാരമെന്നോണം സ്മിതയെ തേടിയെത്തിയിട്ടുണ്ട്.