ഒറ്റനോട്ടത്തില്‍ കണ്ടാല്‍ വെള്ളിനിറത്തിലുള്ള ലോഹദണ്ഡ്, മുറിച്ചാലും സ്വര്‍ണം കാണില്ല; സ്വര്‍ണക്കടത്തുകാരുടെ പുത്തന്‍ തന്ത്രം കസ്റ്റംസ് പൊളിച്ചതിങ്ങനെ
കോഴിക്കോട്: ഒറ്റനോട്ടത്തില്‍ കണ്ടാല്‍ വെള്ളി നിറത്തില്‍ ഉള്ള ഒരു ലോഹ ദണ്ഡ്. മുറിച്ച് പരിശോധിച്ചാലും ആര്‍ക്കും സ്വര്‍ണം കണ്ടെത്താന്‍ കഴിയില്ല. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പുത്തന്‍ കടത്ത് രീതി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൊളിച്ചത് രാസപരിശോധന നടത്തിയതിലൂടെ.
സൈക്കിള്‍ പാര്‍ട്‌സിന് ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയില്‍ അധികം സ്വര്‍ണമാണ് കസ്റ്റംസ് ഇത്തരത്തില്‍ പിടികൂടിയത്. കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുള്‍ ഷരീഫ് ആണ് പുത്തന്‍ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു പിടിയില്‍ ആയത്.
സ്വര്‍ണം ലോഹ സംയുക്തക്കൂട്ടാക്കി സൈക്കിള്‍ ഭാഗമെന്ന വ്യാജേന ആണ് കടത്താന്‍ ശ്രമിച്ചത്. 53 ലക്ഷത്തില്‍ അധികം രൂപ വിപണി മൂല്യം വരുന്ന സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്.
സൈക്കിളിന്റെ സീറ്റിന്റെ താഴെ ഉള്ള സ്റ്റീല്‍ റോഡിന് ഉള്ളില്‍ സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നു. അല്‍ഐനില്‍ നിന്ന് ഐഎക്സ് 336 എന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ആണ് കോഴിക്കോട് എടക്കുളം ചെങ്ങോട്ടുകാവ് സ്വദേശി കായക്കല്‍ അബ്ദുള്‍ ഷെരീഫ് എത്തിയത്. കാര്‍ട്ടണ്‍ ബോക്സിലേ സൈക്കിള്‍ ഭാഗങ്ങള്‍ എക്‌സറേ പരിശോധനയില്‍ കണ്ടതോടെ ആണ് ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിക്കാന്‍ നിശ്ചയിച്ചത്. സൈക്കിള്‍ ഭാഗങ്ങളില്‍ ഒന്ന്, സീറ്റിനടിയിലെ സ്റ്റീല്‍ റോഡ് ആയിരുന്നു സംശയാസ്പദമായി തോന്നിയത്.
കാര്‍ഡ് ബോര്‍ഡ് പെട്ടി തുറന്ന് പരിശോധിച്ചപ്പോള്‍ ഈ ഭാഗത്തിന് 1243 ഗ്രാം ഭാരമുള്ളതായി കണ്ടെത്തി. ഇത് വെള്ളി നിറത്തില്‍ ഉള്ളതായിരുന്നു ഈ സ്റ്റീല്‍ റോഡ്. അത് തുറന്ന് പരിശോധിച്ചപ്പോഴും വെള്ളി നിറത്തില്‍ ഉള്ള ഒരു ദണ്ഡ് ആണ് കണ്ടത്.
ഇതില്‍ സ്വര്‍ണം ഉണ്ടോ എന്ന് കണ്ടെത്താന്‍ ആയിരുന്നു അടുത്ത പരിശ്രമം. ഇത് ഉരുക്കി എടുത്ത് ആണ് പരിശോധിച്ചത്. 8 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ആണ് ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാന്‍ കഴിഞ്ഞത്. സൈക്കിള്‍ ഭാഗം പ്രധാനമായും സ്വര്‍ണ്ണവും (81%) സിങ്ക്, നിക്കല്‍, സില്‍വര്‍ ലോഹങ്ങളും എന്നിവകൊണ്ട് നിര്‍മ്മിച്ചത് ആണെന്ന് സ്ഥിരീകരിച്ചു. 24 കാരറ്റ് പരിശുദ്ധിയുള്ള 1037 ഗ്രാം സ്വര്‍ണ്ണം ആണ് ഇതില്‍ നിന്നും വേര്‍തിരിച്ചെടുത്തത്.