വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം ഉടമയ്ക്ക് നൽകാതെ മുങ്ങി, എടക്കര സ്വദേശിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകി; മൂന്ന് യുവാക്കൾ പിടിയിൽ
കാക്കൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ മൂന്നംഗ സംഘത്തെ കാക്കൂർ പൊലീസ് പിടികൂടി. പാലക്കാട് പട്ടിത്തറ തലക്കശേരി തേൻകുളം വീട്ടിൽ അബുതാഹിർ(29), തലക്കശേരി മലയൻ ചാത്ത് ഷമീം(30), തലക്കശേരി തുറക്കൽ വീട്ടിൽ ഷബീർ (36) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ പാലക്കാട് പടിഞ്ഞാറങ്ങാടിയിൽ കോഴിക്കോട് റൂറൽ ക്രൈം സ്‌ക്വാഡും കാക്കൂർ പൊലീസും ചേർന്ന് പിടികൂടിയത്.
ജനുവരി 28ന് യുഎഇയിൽനിന്ന് സ്വർണവുമായി മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ എടക്കര സ്വദേശിയായ യുവാവ് സ്വർണം കാത്തുനിന്ന യഥാർഥ ഉടമസ്ഥന് നൽകാതെ കടന്നിരുന്നു. സ്വർണക്കടത്ത് സംഘം തെരഞ്ഞെങ്കിലും യുവാവ് നാട്ടിൽവരാതെ ഒളിച്ചുകഴിയുകയും ഭീഷണി ഭയന്ന് ബഹറൈനിലേക്ക് കടക്കുകയുംചെയ്തു. ഏപ്രിലിൽ നാട്ടിലെത്തിയ യുവാവിന്റെ വീട്ടിൽ പലതവണ സംഘം വന്നെങ്കിലും മുംബൈയിൽവച്ച് സ്വർണം ആരോ വാങ്ങിക്കൊണ്ടുപോയതായി പറഞ്ഞു. തുടർന്ന് സ്വർണക്കടത്ത് സംഘത്തിനുവേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികൾ ഏപ്രിൽ 28ന് യുവാവിനെ മർദിച്ച് കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. യുവാവിന്റെ സ്കൂട്ടറും മൊബൈൽ ഫോണും പ്രതികൾ കൈക്കലാക്കിയിരുന്നു.
യുവാവിന്റെ പരാതിയിലാണ് കാക്കൂർ പൊലീസ് കേസെടുത്തത്. പ്രതികൾ തട്ടിയെടുത്ത സ്കൂട്ടറും മൊബൈൽ ഫോണും കുറ്റിപ്പുറത്തുള്ള സഹായിയുടെ കൈവശം ഒളിപ്പിച്ചതായി പ്രതികൾ പറഞ്ഞു. ഒരു പ്രതി വിദേശത്താണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കോഴിക്കോട് റൂറൽ എസ്‌പി ആർ കറുപ്പസാമിയുടെ നിർദേശപ്രകാരം താമരശേരി ഡിവൈഎസ്‌പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കാക്കൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം സനൽരാജ്, എസ്ഐ എം അബ്ദുൾ സലാം, ക്രൈം സ്‌ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, വി കെ സുരേഷ്, പി ബിജു, കാക്കൂർ സ്റ്റേഷനിലെ എഎസ്ഐമാരായ ടി സുരേഷ് കുമാർ, എസ് സുജാത്, സിപിഒമാരായ രാംജിത്, ചിത്ര എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Summary: The gold smuggled through the airport drowned without giving it to the owner and a quotation was given to kidnap the Edakkara native; Three youths arrested