കല്യാണപാർട്ടികൾ ആശങ്കയിൽ; സ്വർണവില വീണ്ടും റെക്കോഡിലേക്ക്, ഇന്ന് പവന് 840 രൂപാ വർധിച്ചു


കോഴിക്കോട്: ആഗസ്റ്റ് മാസം പകുതിയായതോടെ സ്വർണവില ഈ മാസത്തെ റെക്കോഡിലെത്തി. ഇന്ന് വലിയ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് വർദ്ധിച്ചത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വർദ്ധനവും ഇന്നത്തേതാണ്. ഇതോടെ ഗ്രാമിന് വില 6,670 രൂപയായി. ഒരു പവൻ സ്വർണത്തിന് 840 രൂപ വർദ്ധിച്ച് 53,360 രൂപയായി വില. ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില.

51,600-ൽ ആഗസ്റ്റ് ഒന്നിന് ആരംഭിച്ച വ്യാപാരം ഇപ്പോൾ 53,000 കവിഞ്ഞു. ഇന്നലെ ഗ്രാമിന് 10 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന് 6,565 രൂപയായിരുന്നു വില. ചിങ്ങം പിറന്നതോടെ കേരളത്തിൽ ഇനി കല്യാണ സീസണാണ്. സ്വർണ വില കുതിച്ചുയരുമ്പോൾ കല്യാണ പാർട്ടിക്കാർ ആശങ്കയിലാണ്.