ഫെഡറേഷന്‍ കപ്പ് രണ്ടാം ദിനം; 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ തിളക്കവുമായി ചക്കിട്ടപ്പാറയുടെ സ്വന്തം ജിന്‍സണ്‍ ജോണ്‍സണ്‍
റാഞ്ചി: ഫെഡറേഷന്‍കപ്പ് രണ്ടാം ദിന മത്സരത്തില്‍ മലയാളിതാരത്തിന് ആദ്യ സ്വര്‍ണം. മലയാളിതാരം ചക്കിട്ടപ്പാറയുടെ സ്വന്തം ജിന്‍സണ്‍ ജോണ്‍സണാണ് സ്വര്‍ണം സ്വന്തമാക്കിയത്. ജിന്‍സന്റെ സ്വര്‍ണം ഉള്‍പ്പെടെ 5 മെഡലാണ് ചൊവ്വാഴ്ച്ച നടന്ന മത്സരങ്ങളില്‍ മലയാളി താരങ്ങള്‍ നേടിയത്. ഒരു സ്വര്‍ണവും രണ്ടുവെള്ളിയും രണ്ടു വെകലവും ഉള്‍പ്പെടുന്നതാണ് മെഡല്‍.
ഇതോടെ 26ാമത് ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളി താരമാണ് ജിന്‍സണ്‍. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും നിലവിലെ ദേശീയ റെക്കോഡുകാരനുമായ ജിന്‍സണ്‍ സ്വര്‍ണം നേടിയത്. ഈ സീസണിലെ ജിന്‍സന്‍ ഏറ്റവും മികച്ച സമയമാണിത്. 3:44.48 മിനിറ്റിലായിരുന്നു ഫിനിഷ്. 3:35.24 മിനിറ്റാണ് ജിന്‍സന്‍ ഏറ്റവും മികച്ച സമയം. പരിക്കില്‍നിന്ന് മുക്തനായശേഷം ജിന്‍സണ്‍ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് ജിന്‍സണ്‍ പറയുന്നു. 1500 മീറ്ററില്‍ ആദ്യ അഞ്ചുപേരും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.
പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് അജ്മലിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്‌നാടിന്‍ രാജേഷ് രമേഷ് (45.75 സെ.) സ്വര്‍ണം നേ ടിയപ്പോള്‍ 45.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ്അജ്മല്‍ വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതയും സ്വന്തമാക്കിയത്. മുഹമ്മദ് അനസ് യഹ്യ വെങ്കലം നേടി. അനസിന്റെ സഹോദരന്‍ മുഹമ്മദ് അനീസ് യഹ്യയുടെ വകയാണ് മറ്റൊരു വെള്ളി.
പുരുഷന്മാരുടെ ലോങ്ജമ്പി ലായിരുന്നു അനീസിന്റെ വെള്ളിനേട്ടം. 7.73 മീറ്ററാണ് ചാടിയ ദൂരം. നാലാമത്തെ ശ്രമത്തിലായിരുന്നു ഈ നേട്ടം. പുരുഷന്മാരുടെ ഡെക്കാത്തലണിലാണ് കേരളത്തിന്റെ രണ്ടാമത്തെ വെങ്കലം. എസ്.ഗോകുല്‍ 6752 പോയന്റ് നേടി മൂന്നാമതെത്തി.