ജോലിസമയമല്ലാത്തപ്പോഴും ചുമതല മറക്കാതെ അഗ്നിശമന സേനാംഗം; കിണറ്റില്‍ വീണ ആടിനെ സാഹസികമായി രക്ഷിച്ച ചെറുവണ്ണൂരിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിജുവിന്റെ സഹജീവി സ്നേഹത്തിന് ബിഗ് സല്യൂട്ട്‌


മേപ്പയ്യൂർ: ജോലിയിൽ ഇല്ലാതിരുന്ന സമയമായിട്ട് പോലും സഹജീവിയോടുള്ള കരുതൽ മറക്കാതിരുന്ന അഗ്നിശമനസേനാംഗത്തിന് അഭിനന്ദന പ്രവാഹം. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജുവാണ് ചെറുവണ്ണൂർ തെക്കേകല്ലുള്ള പറമ്പിൽ ദിനേശന്റെ കിണറ്റിൽ വീണ ആടിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആട് കിണറ്റിൽ വീണതറിഞ്ഞ വീട്ടുടമസ്ഥൻ തന്റെ നാട്ടുകാരനായ അഗ്നിശമന സേനാംഗം ഷിജുവിനെ വിളിക്കുകയായിരുന്നു. തന്റെ ജോലിസമയം അല്ലാതിരുന്നിട്ട് പോലും വിവരമറിഞ്ഞ ഉടൻ അദ്ദേഹം സ്ഥലത്ത് ഓടിയെത്തി.

കിണറ്റിൽ വീണ് കിടക്കുന്ന ആടിന്റെ ദയനീയാവസ്ഥ കണ്ട ഷിജു ഫയർ സ്റ്റേഷനിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെട്ടു. എന്നാൽ നിലയില്ലാത്ത വെള്ളത്തിൽ കിടന്ന് നീന്തിത്തളർന്ന ആടിനെ ഉടൻ രക്ഷിച്ചില്ലെങ്കിൽ അതിന്റെ ജീവൻ അപകടത്തിലാകുമെന്ന് മനസിലാക്കിയ ഷിജു സ്വയം അതിനെ രക്ഷിക്കാൻ തീരുമാനിച്ചു.

ഉടൻ തന്നെ കിണർ പരിശോധിച്ച് അപകട സാധ്യത ഇല്ല എന്നുറപ്പു വരുത്തി നാട്ടുകാരുടെ സഹായത്തോടെ 15 മീറ്ററോളം ആഴമുള്ള കിണറ്റിലേക്ക് കയർ ഉപയോഗിച്ച് അരയ്ക്ക് ബോലൈൻ (Bow line) കെട്ടി ഇറങ്ങുകയും കൂടെ നെറ്റ് താഴ്ത്തി നീന്തി തളർന്ന ആടിനെ അതിലേക്ക് എടുത്തിടുകയും കരയ്ക്കെത്തിക്കുകയും ചെയ്തു.

തന്റെ ജോലിസമയം അല്ലാതിരുന്നിട്ട് പോലും വീട്ടുടമസ്ഥന്റെയും ആടിന്റെയും ദയനീയാവസ്ഥ കണ്ട് സമചിത്തതയോടെ കാര്യങ്ങൾ നീക്കി രക്ഷാപ്രവർത്തനം നടത്തിയ ഷിജുവെനെ അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ നിരവധി പേരാണ് അഭിനന്ദിച്ചത്. ഒരു ഫയർമാന്റെ ഉത്തരവാദിത്തം സമയബന്ധിതമല്ലെന്നും മുഴുവൻ സമയവും അവർ കർമ്മനിരതരായിരിക്കണമെന്നുമാണ് ഷിജുവിന്റെ പ്രവൃത്തി സമൂഹത്തെ ഓർമ്മിപ്പിക്കുന്നത്.

ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സമയമായിട്ട് പോലും സഹജീവിയുടെ ജീവൻ രക്ഷിക്കാനിറങ്ങിയ ഷിജുവിന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെയും അഭിനന്ദനങ്ങൾ.