ദിവസങ്ങള്‍ പിന്നിട്ടിട്ടും ചാക്കുകള്‍ എടുത്ത് മാറ്റിയില്ല, യാത്രക്കാര്‍ക്ക് ദുരിതമായി പേരാമ്പ്ര-വടകര റോഡിലെ മാലിന്യം


പേരാമ്പ്ര: നഗരത്തിലെ മാലിന്യകൂമ്പാരത്തില്‍ ദുരിതത്തിലായി യാത്രക്കാര്‍. പേരാമ്പ്ര വടകര റോഡിലാണ് വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ മാലിന്യചാക്ക് നിരത്തിവെച്ചിരിക്കുന്നത്. വടകര റോഡ് കവലയ്ക്ക് സമീപം കയറ്റമുള്ള ഭാഗത്താണ് റോഡരികില്‍ ഒരാഴ്ചയായി മാലിന്യ ചാക്ക് കൂട്ടിയിട്ടിരിക്കുന്നത്. നായകള്‍ കടിച്ചുകീറി ചാക്കുകള്‍ റോഡിലേക്ക് മറിഞ്ഞുവീഴുന്നത് തിരക്കേറിയ ഭാഗത്ത് വാഹനയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുമുണ്ട്.

മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധവും സഹിച്ചാണ് കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി കടന്നു പോകുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തത് കൂടുതല്‍പ്പേരെ ഇവിടെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. എന്തെന്നാല്‍ ദിവസം കഴിയുന്തോറും പ്രദേശത്തെ മാലിന്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നുണ്ട്. എത്രയുംപെട്ടന്ന് മാലിന്യചാക്കുകള്‍ നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

നഗരത്തിലെ കടകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം ഇന്നര്‍ മാര്‍ക്കറ്റിലെ മാലിന്യസംഭരണകേന്ദ്രത്തില്‍ എത്തിച്ചശേഷം ഇവിടെനിന്ന് വാഹനത്തില്‍ കയറ്റി അയക്കാന്‍ ഗ്രാമപ്പഞ്ചായത്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകാന്‍ കരാറെടുത്തവരാണ് ഇത് കൊണ്ടുപോകാറുള്ളത്. വാര്‍ഡുകളില്‍നിന്ന് ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യവും ഇങ്ങനെ കയറ്റി അയക്കുകയാണ് ചെയ്യുന്നത്.