എരവട്ടൂരിലെ പെട്രോള്‍ പമ്പില്‍ തീപിടുത്തത്തിന് കാരണമായത് ഉപയോഗശൂന്യമായ പെട്രോള്‍ ടാങ്കില്‍ നിന്ന് നീക്കുന്നതിനിടെ മൊബൈല്‍ സിഗ്നല്‍ മൂലമുണ്ടായ സ്പാര്‍ക്കെന്ന് സംശയം; പമ്പിലെ ഇന്ധനം നീക്കം ചെയ്ത് അപകടകരമായ സാഹചര്യം ഒഴിവാക്കിയതായി പൊലീസ്


എരവട്ടൂര്‍: പേരാമ്പ്ര എരവട്ടൂരിലെ പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിന് ഇടയാക്കിയത് ഉപയോഗശൂന്യമായ പെട്രോള്‍ ടാങ്കില്‍ നിന്ന് നീക്കുന്നതിനിടെ മൊബൈല്‍ സിഗ്നലോ മറ്റോ മൂലമുണ്ടായ സ്പാര്‍ക്കെന്ന് സംശയം. തീപിടുത്തമുണ്ടായ ഉടനെ ജീവനക്കാര്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

രാവിലെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പമ്പില്‍ അപകടകരമായ സാഹചര്യത്തിലുണ്ടായിരുന്ന ഇന്ധനം മുഴുവന്‍ നീക്കം ചെയ്തതായി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു എരവട്ടൂരിലെ പെട്രോള്‍ പമ്പില്‍ തീപ്പിടുത്തമുണ്ടായത്. അടുത്തിടെ തുടങ്ങിയ എരവട്ടൂരിലെ എം.വി.ആര്‍.എല്‍ ഇന്റിമേറ്റ് പെട്രോള്‍ പമ്പിലായിരുന്നു തീപ്പിടുത്തം.