ഇൻസ്റ്റഗ്രാമിൽ പെൺകുട്ടികളുടെ വ്യാജ അക്കൗണ്ടുകളുണ്ടാക്കി തട്ടിപ്പ്; ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ അയപ്പിച്ച യുവാവ് പിടിയിൽ


വടകര: സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ അയപ്പിച്ച യുവാവിനെ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഷഹസാൻ ഹൗസിൽ മുഹമ്മദ് സഹിം (31) ആണ് പിടിയിലായത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായ അന്വേഷണത്തിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പെൺകുട്ടികളുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് അവരുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി മറ്റു പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വിവിധ ടാസ്‌കുകൾ നൽകി ഭീഷണിപ്പെടുത്തി പെൺകുട്ടികളെ വീഡിയോ കോളിന് നിർബന്ധിപ്പിച്ച് അവരുടെ അശ്ലില വീഡിയോ കൈക്കലാക്കി സൂക്ഷിക്കുകയും ചെയ്‌തു. ഒരേസമയം നിരവധി അക്കൗണ്ടുകളിൽ നിന്ന് ചാറ്റ് ചെയ്യുന്ന രീതിയായിരുന്നു പ്രതിയുടേതെന്ന് പൊലീസ് പറഞ്ഞു.

പ്രതി നിശ്ചിത സമയത്തേക്ക് വാട്സ്ആപ് നമ്പറുകൾ പെയ്ഡ് അപ്ലിക്കേഷൻ വഴി കരസ്ഥമാക്കിയാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. നിരവധി പെൺകുട്ടികളുടെ വീഡിയോ പ്രതിയുടെ ഫോണിൽനിന്ന് അന്വേഷകസംഘം കണ്ടെത്തി. നിരവധി പരാതികളാണ് സൈബർ പൊലീസിന് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്‌.സി.പി.ഒ എം.പി ഷഫീർ, സി.പി.ഒമാരായ ശരത്ചന്ദ്രൻ, എം ശ്രീനേഷ്, അനൂപ് വാഴയിൽ എന്നിവരടങ്ങുന്ന അന്വേഷക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Summary: Fraud by creating fake accounts of girls on Instagram; Youth arrested for sending pornographic videos after threatening them