സംഘം ചേര്‍ന്ന് ബൈക്ക് മോഷണം; കോഴിക്കോട് സ്വദേശികളായ ബാപ്പയും മക്കളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


കോഴിക്കോട്: വാഹന മോഷണം ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ബാപ്പയും മക്കളും ഉള്‍പ്പെടെ അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി തായിഫ് (22), ഫറോക്ക് സ്വദേശികളായ സഹോദരന്മാരായ ഷിഹാല്‍ (21) ഫാസില്‍ (23) എന്നിവരും ഇവരുടെ ബാപ്പ ഫൈസലുമാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊളത്തറ സ്വദേശിയുടെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട പള്‍സര്‍ 220 മോഷണം നടത്തിയ സംഘമാണ് പിടിയിരിക്കുന്നത്. ഇവര്‍ മുന്‍പും വാഹന മോഷണക്കേസുകളില്‍ പിടിയലവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത പ്രതികളാണ്. കൂടാതെ അമ്പലമോഷണങ്ങളുള്‍പ്പെടെ നിരവധി കേസുകള്‍ ഇവരുടെ പേരില്‍ ഉള്ളതായും പോലീസ് പറഞ്ഞു.

കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനമോഷണകേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന തായിഫ്‌നെ ഫൈസലാണ് ജാമ്യത്തിലിറക്കിയത്. മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമോഷണകേസില്‍ അടുത്തിടെയാണ് ഷിഹാലിന് ജാമ്യം ലഭിച്ചത്. ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു. തായിഫ് ജാമ്യത്തിലിറങ്ങിയതിന്റെ രണ്ടാംദിവസമാണ് കൊളത്തറയില്‍ ബൈക്ക് മോഷണം നടത്തിയത്. ബൈക്ക് മോഷ്ടിച്ച ശേഷം മലപ്പുറത്തും തുടര്‍ന്ന് ഫറോക്കിലുള്ള രഹസ്യ സങ്കേതത്തിലുമാണ് സൂക്ഷിച്ചിരുന്നത്.

സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെകുറിച്ച് സിറ്റി ക്രൈം സ്‌ക്വാഡ് അന്വേഷണം നടത്തുന്നതിനിടെ വാഹന ഉടമ തന്റെ വാഹനം റോഡില്‍ വച്ച് കണ്ടതാണ് വഴിത്തിരിവായത്. ഷിഹാലിനെ സിറ്റി ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ നല്ലളം പോലീസ് പിടികൂടി വാഹനം കണ്ടെടുത്തു.