മേപ്പയൂര്‍ മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു


നാദാപുരം: മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു. എണ്‍പത്തൊന്‍പത് വയസ്സായിരുന്നു. അസുഖബാധിതനായി വിശ്രമത്തിലിരിക്കെയാണ് മരണം സംഭവിച്ചത്. 1977ല്‍ മേപ്പയൂരില്‍ അഖിലേന്ത്യാ ലീഗിലെ എ.വി. അബ്ദുറഹ്മാന്‍ ഹാജിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്.

ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇടക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂടെ കൂടിയെങ്കിലും വീണ്ടും മുസ്‌ലിം ലീഗില്‍ തിരിച്ചെത്തി. പതിറ്റാണ്ടുകളോളം നാദാപുരം നിയോജക മണ്ഡലം മുസ്‌ലം ലീഗ് പ്രസിഡന്റായിരുന്ന ഇദ്ദേഹം വടകര താലൂക്ക് പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്.

എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറായാണ് ആദ്യമായി ജനപ്രതിനിധിയാകുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായി 12 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സി.പി.എം നേതാവ് ഇ.വി.കുമാരനായിരുന്നു പ്രസിഡന്റ്. അടിയന്തരാവസ്ഥ കാലത്ത് ഇ.വി.കുമാരനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ 2 വര്‍ഷം പണാറത്ത് പ്രസിഡന്റുമായി.

1965ല്‍ നാദാപുരം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായാണ് നിയമസഭയിലേക്കുള്ള ആദ്യ മത്സരം. സി.പി.എമ്മിലെ സി.എച്ച്. കണാരനോട് പരാജയപ്പെട്ടു. 1985ല്‍ പെരിങ്ങളം ഉപതെരഞ്ഞെടുപ്പില്‍ ഇ.ടി. മുഹമ്മദ് ബഷീറിനോടും തോറ്റു. കര്‍ഷക സംഘ സംസ്ഥാന വൈസ് പ്രസിഡന്റ്, കയര്‍ കോര്‍പറേഷന്‍ ഡയരക്ടര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം ഡയരക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. മക്കള്‍: അസീസ് (റിട്ട. അധ്യാപകന്‍ ടി. ഐ.എം.ഗേള്‍സ്.എച്ച്.എസ്.എസ് നാദാപുരം, നാസര്‍ (റിട്ട. ക്ലാര്‍ക്ക് ടി.ഐ.എം.ജി.എച്ച്.എസ്.എസ്), ഹാരിസ് (അധ്യാപകന്‍ എം.ഐ.എം.എച്ച്.എസ്.എസ് പേരോട് ), ജമീല.

മരുമക്കള്‍: അബ്ദുറഹിമാന്‍ പനോളിപ്പിടിക, ശരീഫ പാറാട്, സീനത്ത് വൈക്കിലശ്ശേരി, സലൂജ നാദാപുരം. സഹോദരങ്ങള്‍: കുഞ്ഞാമി ഹജ്ജുമ്മ, സുലൈഖ ഹജ്ജുമ്മ, സാറ ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 11മണിക്ക് എടച്ചേരി നെല്ലൂര്‍ പള്ളിക്ക് സമീപമുള്ള മദ്‌റസയില്‍ നടക്കും.

summary: former MLA panarath Kunji Muhammad passed away