വടകര സ്വദേശിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥൻ പുതുച്ചേരിയിലെ പുതിയ ലഫ്. ഗവർണർ


ന്യൂഡൽഹി: വടകര സ്വദേശിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. പുതുച്ചേരിയിലുൾപ്പെടെ പത്ത് പുതിയ ഗവർണർമാരെ ഇന്നലെ അർധരാത്രിയോടെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് പുതുച്ചേരി ലഫ്. ഗവർണറായി നിയമിതനായ കൈലാസനാഥൻ. കോഴിക്കോട് വടകര സ്വദേശിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും കഴിഞ്ഞ മാസമാണു വിരമിച്ചത്.

ലക്ഷ്‌മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പുർ ഗവർണറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണ‌നാണു പുതിയ മഹാരാഷ്ട്ര ഗവർണർ.

ജിഷ്‌ണുദേവ് വർമയാണു പുതിയ തെലങ്കാന ഗവർണർ. ഓംപ്രകാശ് മാത്തൂറിനെ സിക്കിം ഗവർണറായും നിയമിച്ചു. മുൻ കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാങ്വാറിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. റമൺ ദേക്കയാണു പുതിയ ഛത്തീസ്‌ഗഡ് ഗവർണർ. രാജസ്‌ഥാനിലെ പുതിയ ഗവർണറായി എച്ച്.കെ.ബാഗ്ലെയെ നിയമിച്ചു. സി.എച്ച്.വിജയശങ്കറാണു മേഘാലയ ഗവർണർ.