കാട്ടുപോത്ത് മുതല്‍ കടുവ വരെ; കക്കയം ഡാം പരിസരത്തെ പ്രകൃതി സൗന്ദര്യം മനംകവരുമെന്നതില്‍ സംശയമില്ല, പക്ഷേ ജാഗ്രത വേണം


കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇവ കാണാൻ നിത്യേന നിരവധി സഞ്ചാരികൾ കക്കയത്ത് എത്താറുണ്ട്.

നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം, ചോലവനം എന്നീ നാലുതരം വനങ്ങളാണ് ഇവിടെയുള്ളത്. കക്കയം,പെരുവണ്ണാമൂഴി ഉൾപ്പെടുന്ന മലബാർ വന്യജീവി സങ്കേതത്തിൽ നിരവധി പക്ഷികളും ഇഴജന്തുക്കളും മൃ​ഗങ്ങളും വസിക്കുന്നുണ്ട്. കക്കയം ഡാമിലൂടെ നീന്തി കരയിൽ കയറി കാടിനുള്ളിലേക്ക് പോകുന്ന കടുവയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നു. കടുവയുടെ സാന്നിധ്യം നേരത്തെ ഈ വനമേഖലയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യമായാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്.

ഡാമിലൂടെ ബോട്ട് യാത്ര നടത്തിയ സഞ്ചാരികളാണ് കടുവയുടെ ദൃശ്യം പകർത്തിയത്. കക്കയം വനമേഖല അക്രമകാരികളായ മൃ​ഗങ്ങളുടെ വിഹാരകേന്ദ്രമാണ്. കടുവയെ കൂടാതെ മുൻപ് മുൻപ് ഡാമിൽ പുലി നീന്തുന്ന ദൃശ്യങ്ങൾ സഞ്ചാരികൾ പകർത്തിയിരുന്നു. കഴിഞ്ഞ വർഷം കക്കയം ഡാം പരിസരത്ത് കാട്ടുപോത്തിന്റെ അക്രമണത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തു.

കാട്ടുപോത്തുകളെ സഞ്ചാരികൾ കടന്ന് പോകുന്ന വനപാതയിൽ കൂടുതലായി കാണാറുണ്ട്. ഇവയുടെ ദൃശ്യങ്ങളും പലതവണ പുറത്ത് വന്നിരുന്നു. കൂടാതെ വനത്തിൽ ആനയും കാട്ടുപന്നിയും ഉണ്ട്. വന ഭം​ഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് ജീപ്പ് സർവ്വീസ് ഉണ്ടെങ്കിലും കൂടുതൽപേരും നടന്നാണ് പോവാറുള്ളതെന്ന് നാട്ടുകാർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പതിയിരുന്ന് മനുഷ്യനെ ഉൾപ്പടെ ആക്രമിക്കുന്ന കടുവ ഉൾപ്പടെ വനത്തിലുള്ളിലുണ്ടെന്ന് ദൃശ്യങ്ങൾ പുറത്ത് വന്ന സ്ഥിതിക്ക് സഞ്ചാരികൾ ജാ​ഗ്രത പാലിക്കണം എന്ന് നാട്ടുകാർ പറയുന്നു.

കടുവയോ പുലിയോ ഇതുവരെ ജനവാസ മേഖലകളിൽ ഇറങ്ങിയി‌ട്ടില്ല. എന്നിരുന്നാലും പ്രദേശവാസികളും ജാ​ഗ്രതയിലാണ്. സ്ഥലം എം എൽ എ , ഫോറസ്റ്റ് ഉദ്യോ​ഗസഥർ എന്നിവരെ കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിവരം അറിയിച്ചിട്ടുണ്ട്. കക്കയം ഡാം പരിസരത്ത് ജാ​ഗ്രത മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കണം എന്നും നാട്ടുകാർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. [mid5]

Description: For the attention of those who come to see the Kakkayam Dam and its surroundings; Here you can find everything from bison to tigers [mid6]