രജിസ്‌ട്രേഷൻ നടത്താതെ സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ചത് നാലു വർഷത്തോളം; നിയമലംഘനത്തിനുള്ള പിഴ അടച്ചത് വ്യാജന് പകരം യഥാർത്ഥ ഉടമ, ഒടുവില്‍ ആവള സ്വദേശി പിടിയിൽ


പേരാമ്പ്ര: രജിസ്‌ട്രേഷന്‍ നടത്താതെ വാഹനത്തിന് സ്വന്തമായി നമ്പറിട്ട് നാലുവര്‍ഷത്തോളമായി ഓടിച്ച ആവള സ്വദേശി പോലീസ് പിടിയില്‍. എടപ്പോത്തില്‍ മീത്തല്‍ ലിമേഷ് ആണ് പിടിയിലായത്. നാലുവര്‍ഷം മുമ്പാണ് ലിമേഷ് സുസുക്കിയുടെ സ്‌കൂട്ടി വാങ്ങിയത്. എന്നാല്‍ രജിസ്‌ട്രേഷന്‍ നടത്താതെ തന്റെ പഴയ വാഹനത്തിന്റെ നമ്പറുമായി സാമ്യമുള്ള കെഎല്‍ 56 ക്യൂ 9305 എന്ന നമ്പറിട്ട് വാഹനം ഓടിക്കുകയായിരുന്നു.

മാത്രമല്ല നാല് വര്‍ഷത്തിനിടെ നിരവധി നിയമലംഘനങ്ങളും നടത്തുകയും ചെയ്തിരുന്നു. പലപ്പോഴും ഹെല്‍മറ്റ് ഇടാതെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. എന്നാല്‍ നിയമലംഘനത്തിനുള്ള പിഴ പോയിക്കൊണ്ടിരുന്നത് യഥാര്‍ത്ഥ ഉടമയായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ പേരിലായിരുന്നു.

സ്ഥിരമായി പേരാമ്പ്ര ഭാഗത്ത് നിന്നും വാഹനമോട്ടോര്‍ വകുപ്പിന്റെ ചലാന്‍ വരാന്‍ തുടങ്ങിയതതോടെ ഇയാള്‍ ആര്‍ടിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. നാല് വര്‍ഷത്തിനിടെ ഏതാണ്ട് ഇരുപതിനായിരത്തോളം രൂപ പിഴയായി ഇയാള്‍ അടച്ചിരുന്നു. തുടര്‍ന്ന് പേരാമ്പ്ര പോലീസിലും ഇയാള്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

For four years, the native of Avala drove a vehicle with his own number without registration