ശുചിത്വക്കുറവുള്ള ഭക്ഷണശാലകളുടെ നടത്തിപ്പുകാര്‍ക്ക് മുന്നറിയിപ്പ്; തലയാട്ട് വയലട കുടുംബാരോഗ്യകേന്ദ്രസംഘം പരിശോധന നടത്തി


എകരൂല്‍: മലയോരമേഖലയിലെ പ്രധാന അങ്ങാടിയായ തലയാട്ട് ഭക്ഷണശാലകളില്‍ വയലട കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, ബേക്കറികള്‍, ചായക്കടകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധ സംഭവങ്ങളോടൊപ്പം മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യപരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കക്കയം ഡാം, കരിയാത്തുംപാറ, വയലട, മുള്ളന്‍പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കെത്തുന്ന പലരും തലയാട്ടിറങ്ങി ഭക്ഷണം കഴിക്കാറുണ്ട്.

ഉദ്യോഗസ്ഥരായ സജില്‍കുമാര്‍ സി.ജി, ഷഫ്‌ന ടി.ടി, ഹരിത കെ.കെ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

ശുചിത്വക്കുറവുള്ള ഭക്ഷണശാലകളുടെ നടത്തിപ്പുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.