കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവുമായി പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര്‍ മലപ്പുറത്ത് അറസ്റ്റില്‍


മലപ്പുറം: ആറു കെട്ടുകളിലായി കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവുമായി പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര്‍ മലപ്പുറത്ത് അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി അമല്‍, കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, കോട്ടയ്ക്കല്‍ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റിലാണ് ഇവരെ പിടികൂടിയത്.

സ്റ്റേറ്റ് എക്സൈസ് എന്‍ ഫോഴ്സ്മെന്റ് അസി. എക്സൈസ് കമ്മീഷണര്‍ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

വ്യാഴാഴ്ച രാത്രി പത്തോടെ നാടുകാണി ചുരം വഴി കേരളത്തിലേക്ക് പ്രവേശിക്കുമ്പോളാണ് സംഘം ചെക്ക്പോസ്റ്റില്‍ പിടിയിലായത്. രണ്ട് കാറുകളില്‍ ഒരു കാറിന്റെ ഡിക്കിക്കുള്ളില്‍ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാര്‍ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന് മഞ്ചേരിയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

summary: five people, including a native of perambra were arrested in malapuram with drugs