ഫര്‍ണിച്ചര്‍ കടയിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കെഎസ്ഇബി; ബാലുശ്ശേരിയിലെ അഗ്നിബാധയില്‍ ദുരൂഹതയേറുന്നു
ബാലുശേരി: ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ അഗ്നിക്കിരയായത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. ഫര്‍ണിച്ചര്‍ കടയിലും ടയര്‍ ഗോഡൗണിലുമാണ് തീപിടുത്തമുണ്ടായത്. ഫര്‍ണിച്ചര്‍ കടയില്‍ തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്.
തിങ്കള്‍ പുലര്‍ച്ചെയാണ് മീത്തലെ മാണിയോട്ട് പ്രതാപന്റെ മരപ്പണിശാലയും മണിയമ്പലത്ത് സുഭാഷിന്റെ ടയര്‍ സംഭരണശാലയും കത്തിച്ചാമ്പലായത്. പലരുടെയും വീട് നിര്‍മാണത്തിനായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരങ്ങളാണ് കത്തിപ്പോയത്.
യന്ത്രങ്ങളും നശിച്ചു. ചെറിയ കടയായതിനാല്‍ ഇന്‍ഷൂര്‍ ചെയ്തിരുന്നില്ല. സൈന്യത്തില്‍നിന്ന് വിരമിച്ച സുഭാഷ് ടയര്‍ സംഭരണശാല തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തോളമായി. ഉടമകളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫോറന്‍സിക് പരിശോധന നടന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
മാസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ തീപിടുത്തമാണ് പ്രദേശത്ത് നടക്കുന്നത്. രണ്ട് മാസം മുമ്പ് ഈ പ്രദേശത്തെ മറ്റൊരു ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു. ഇത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.