‘വീടിനുമുന്നില്‍ വാഹനമെത്തണം’ ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ച് ക്യാന്‍സര്‍ രോഗിയും ഭിന്നശേഷിക്കാരിയുമായ ചക്കിട്ടപ്പാറ സ്വദേശിനി; ഉടന്‍ നടപടിയാരംഭിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍



ചക്കിട്ടപ്പാറ: ക്യാന്‍സര്‍ രോഗത്തോട് പൊരുതി ജീവിക്കുന്ന ഭിന്നശേഷിക്കാരിയായ ഫാത്തിമ സുഹറയുടെ റോഡെന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പ്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ താമസക്കാരിയാണ് സുഹറ.

വീടിന് മുന്നില്‍ വരെ വാഹനമെത്തണമെന്ന ആവശ്യവുമായാണ് സുഹറ പഞ്ചായത്ത് പ്രസിഡണ്ടിനെ കാണാനെത്തിയത്. അപ്പോള്‍ തന്നെ സുഹറയുടെ വീട്ടിലെത്തിയ പഞ്ചായത്ത് പ്രസിഡണ്ട് സുഹറയുടെ ആവിശ്യം യാതൊരുവിധ തടസങ്ങളും കൂടാതെ ഏറ്റവും അടുത്ത ദിവസം തന്നെ സാധിച്ചു കൊടുക്കുമെന്ന ഉറപ്പ് നല്‍കിയാണ് തിരികെ പോയത്. പഞ്ചായത്ത് പ്രസിഡണ്ട് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഈ മാസം 30 ന് മുമ്പ് വീട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് പേരാമ്പ്രന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. 65 മീറ്റര്‍ റോഡാണ് വീട്ടിലേക്ക് കോണ്‍ക്രീറ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം അറിയിച്ചു.