പയ്യോളിയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ഥി ചാടിയ സംഭവം; സഹപാഠികള്‍ പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പേരാമ്പ്ര ന്യൂസ് ഡോട്ട്കോമിനോട്


പയ്യോളി: തിക്കോടിയന്‍ സ്മാരക ജിവിഎച്ച്എസ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥിയെ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ്. ഡിസംബര്‍ നാല് ഞായറാഴ്ച സ്‌കൂള്‍ അവധി ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്.

സഹപാഠികളില്‍ നിന്നുണ്ടായ മാനസിക പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് പിതാവ് ആരോപിച്ചു. സഹപാഠികള്‍ വിദ്യാര്‍ഥിയോട് വീട്ടില്‍ നിന്നും പണം കൊണ്ടുവരാന്‍ പറഞ്ഞിരുന്നതായും പൈസ കൊണ്ടുപോകാതിരുന്നാല്‍ ദോഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പിതാവ് ആരോപിക്കുന്നു. കുട്ടി പേടിച്ചുപോയിരുന്നു. അമ്മയോട് പറയാതെ രണ്ട് തവണ വീട്ടില്‍ നിന്നും പണം എടുത്തിരുന്നതായും അദ്ദേഹം അറിയിച്ചു.

പണം എടുത്തത് അമ്മ അറിഞ്ഞപ്പോള്‍ കുട്ടിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കുട്ടി വീട്ടില്‍ കാര്യങ്ങള്‍ പറയുന്നത്. വീട്ടില്‍ നിന്നും അമ്മ അറിയാതെ പൈസ എടുത്തതിന്റെ സമ്മര്‍ദ്ദവും സഹപാഠികളില്‍ നിന്നുള്ള ഭീഷണിയും കുട്ടിക്കുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് മുമ്പുള്ള വെള്ളിയാഴ്ച കുട്ടിയുടെ ക്ലാസ് ടീച്ചറോട് അമ്മ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അവര്‍ അതിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടെയാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ട്യൂഷന്‍ സെന്ററിലെ അധ്യപകരോട് ശനിയാഴ്ച വൈകുന്നേരം കുട്ടി ഈ വിവരം പറഞ്ഞിരുന്നു. ഇവര്‍ സഹപാഠിയുടെ വീട്ടില്‍ വിളിക്കുകയും അവരുടെ രക്ഷിതാക്കളോട് കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു. ഞായറാഴ്ച ട്യൂഷന്‍ സെന്ററില്‍ പോകാന്‍ വേണ്ടിയാണ് വീട്ടില്‍ നിന്നുമിറങ്ങിയത്. എന്നാല്‍ പേടി കാരണം കുട്ടിക്ക് ട്യൂഷന്‍ സെന്ററില്‍ പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ കുട്ടി സ്‌കൂളിന്റെ രണ്ടാം നിലയിലെ ക്ലാസില്‍ പോയിരിക്കുകയായിരുന്നു.

അമ്മ ട്യൂഷന്‍ സെന്ററില്‍ വിളിച്ചപ്പോഴാണ് കുട്ടി അവിടെയെത്തിയിട്ടില്ലെന്ന് മനസിലായത്. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. അമ്മയും മറ്റും തിരച്ചില്‍ നടത്തുന്നത് ക്ലാസിലിരുന്ന് കണ്ട കുട്ടി പാരപെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നെ എന്താണ് നടന്നതെന്ന് വിദ്യാര്‍ഥിക്ക് ഓര്‍മ്മയില്ലെന്നും പിതാവ് വ്യക്തമാക്കി. വീണതാണോ, ചാടിയതാണോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ നട്ടെല്ലിനും ഇടുപ്പിനും പൊട്ടലുണ്ടെന്നും ഇപ്പോള്‍ ബെഡ്‌റെസ്റ്റിലാണെന്നും അദ്ദേഹം അറിയിച്ചു.

തങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പോലീസെത്തി അന്വേഷണം നടത്തിയിരുന്നതായും പിതാവ് വ്യക്തമാക്കി. വീട്ടില്‍ നിന്നും എടുത്തുകൊണ്ടുപോയ പൈസയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം അതിന്റെ ബാക്കി പണം സഹപാഠി എടുക്കുകയായിരുന്നെന്നും ഈ കുട്ടി എന്തിനാണ് പൈസ വാങ്ങികൊണ്ട് പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പിതാവ് പറഞ്ഞു. സഹപാഠി ക്ലാസില്‍ ഒരു പൊടി കൊണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. രണ്ട് തവണയായി 500 രൂപ വീതം കുട്ടി എടുത്തതിനെത്തുടര്‍ന്ന് കുട്ടിയെ അമ്മ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. കുട്ടി സുഹൃത്തുമൊത്താണ് പണം ചിലവഴിച്ചതെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അമ്മ സുഹൃത്തിന്റെ അമ്മയെയും സ്‌കൂളിലും വിളിച്ച് വിവരം പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം വിഷയമത്തിലും കൂട്ടുകാരനെ അഭിമുഖീകരിക്കാനുള്ള മടികൊണ്ടുമാണ് കുട്ടി തനിച്ച് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ പോയിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.