പട്ടിക്കുട്ടിക്ക് ചികിത്സകിട്ടിയില്ലെന്നാരോപിച്ച് മരുതോങ്കര മൃഗാശുപത്രിയില്‍ അക്രമം; അച്ഛനും മകനും അറസ്റ്റില്‍


കുറ്റ്യാടി: പട്ടിക്കുട്ടിക്ക് ചികിത്സകിട്ടിയില്ലെന്നാരോപിച്ച് മൃഗാശുപത്രിയില്‍ അക്രമം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. മരുതോങ്കര മൃഗാശുപത്രിയില്‍ ബഹളംവെക്കുകയും ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്‌തെന്ന പരാതിയിലാണ് അച്ഛനും മകനും അറസ്റ്റിലായത്. കുണ്ടുതോട് വലിയവീട്ടില്‍ തോമസ് (54), മകന്‍ ഡസ്റ്റസ് (25) എന്നിവരെയാണ് തൊട്ടില്‍പ്പാലം പോലീസ് ഇന്നലെ അറസ്റ്റുചെയ്തത്.

ഇവരുടെ വീട്ടിലെ പട്ടിക്കുട്ടിക്ക് സുഖമില്ലാത്തതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് മൃഗാശുപത്രിയിലെത്തിച്ചിരുന്നു. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സ്ഥലത്തുണ്ടായിരുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ അടുത്തുള്ള മൃഗാശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അടുത്തുള്ള ഡോക്ടറുമായി ബന്ധപ്പെട്ട് പട്ടിക്കുട്ടിക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിരുന്നെന്നും മരുതോങ്കര മൃഗാശുപത്രി അധികൃതര്‍ പറയുന്നു.

വൈകീട്ടോടെ പട്ടിക്കുട്ടി ചത്തു. ഇതിനെതുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് മൃഗാശുപത്രിയിലെത്തി അച്ഛനും മകനും ബഹളംവെയ്ക്കുകയും ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തത്.

പ്രശ്‌നം രൂക്ഷമായതോടെ ജീവനക്കാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്തിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. പ്രകോപനം തുടര്‍ന്ന ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

summary: father and son arrested for violence at veterinary hospital for allegedly not getting treatment for puppy