മൂന്ന് പതിറ്റാണ്ടായി കൃഷിയില്ല, പുല്ലും പായലും നിറഞ്ഞ് ഇരീടച്ചാലിലെ അറുപതേക്കറോളം നെല്‍പ്പാടം; പാടത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ മോട്ടോര്‍ പമ്പ് ഉള്‍പ്പെടുയുള്ള ആവശ്യങ്ങളുമായി കര്‍ഷകര്‍


പേരാമ്പ്ര: വെള്ളക്കെട്ട് കാരണം കൃഷിയിറക്കാനാകാതെ തരിശായി കിടക്കുകയാണ് അറുപത് ഏക്കറോളം വരുന്ന ഇരീടച്ചാല്‍, പൂളക്കൂല്‍, കുറ്റ്യോട്ടുനട മഠത്തുംഭാഗം പാടശേഖരങ്ങള്‍. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളോളമായി ഈ സ്ഥിതിയാണ് തുടരുന്നത്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് വിശാലമായ ഈ പാടശേഖരം. കൃഷിക്ക് തടസ്സമാകുന്ന ഘടകങ്ങള്‍ പരിശോധിക്കാന്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ പാടത്ത് നേരിട്ടെത്തുകയും തുടര്‍ന്ന് കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകാരണമുണ്ടാകുന്ന വെള്ളക്കെട്ടാണ് ഇവയെ ഉപയോഗശൂന്യമാക്കി മാറ്റിയത്. സാധാരണ പാടങ്ങളെപ്പോലെ നിരപ്പായല്ല, ഉയര്‍ന്നും താഴ്ന്നുമാണ് ഇവയുടെ കിടപ്പ്.അതുകൊണ്ട് തന്നെ ഒരു ചെറിയ മഴപെയ്താല്‍ പോലും പാടത്ത് വെള്ളം കെട്ടി നില്‍ക്കും.

പണ്ട് നല്ലരീതിയില്‍ കൃഷി നടത്തിയ വയലാണ് ഇപ്പോള്‍ ഈ നിലയിലായത്. പഴയകാലത്ത് ഡീസല്‍ മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പിങ്ങ് നടത്തിയും ചക്രം ചവിട്ടിയും അമിതജലം ഒഴിവാക്കി കൃഷിചെയ്യാനുള്ള അവസരം ഒരുക്കാറുണ്ടായിരുന്നു.അതെല്ലാം നിലച്ചതോടെ വെള്ളം ഒഴിവാക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ ആവുകയായിരുന്നു.

പാടശേഖരത്തില്‍ വെള്ളം പമ്പ് ചെയ്യാന്‍ പമ്പ് ഹൌസ് നിര്‍മ്മിച്ച് മോട്ടോര്‍ സ്ഥാപിക്കണമെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. അധികജലം ഒഴുകിപ്പോകാനായി തോടുകളും നിര്‍മ്മിക്കണം. ത്രിതല പഞ്ചായത്തുകളുടയും കൃഷിവകുപ്പിന്റെയും കൂട്ടായ സഹായം ലഭിച്ചാല്‍ നെല്‍കൃഷി നല്ലരീതിയില്‍ വീണ്ടും ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കര്‍ഷകരുടെ വിശ്വാസം.

വര്‍ഷങ്ങളായി കൃഷിചെയ്യാത്തതിനാല്‍ പാടം ഇപ്പോള്‍ പുല്ലും പായലും നിറഞ്ഞ അവസ്ഥയിലാണുള്ളത്. ഇത് തൊഴിലാളികള്‍ക്ക് വെട്ടിനീക്കാന്‍ പ്രയാസമായതിനാല്‍ യന്ത്രമുപയോഗിച്ച് നിലമൊരുക്കല്‍ നടത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ പാടശേഖരം സന്ദര്‍ശിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കി. അതിന് ശേഷം നടന്ന കര്‍ഷകരുടെ യോഗത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ സജീവന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി,മോനിഷ, പഞ്ചായത്ത് അംഗങ്ങളായ ആര്‍.പി.ശോഭിഷ്, എ.ബാലകൃഷ്ണന്‍, ഉമ്മര്‍, കൃഷി ഓഫീസര്‍ കെ.എ.ഷബീര്‍ അഹമ്മദ്, ക.കെ. ബാലകൃഷ്ണന്‍.എം. ദാമോദരന്‍, കെ.കുഞ്ഞിച്ചാത്തുനായര്‍, ആര്‍.കെ.ഗംഗാധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. നെല്‍കൃഷി നടത്താനായി പാടത്ത് ചെയ്യേണ്ടതെന്തെല്ലാമാണെന്ന് കര്‍ഷകര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പതിനൊന്ന് അംഗ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.