പന്തിരിക്കര കവുങ്ങുള്ളചാല്‍ പ്രദേശത്ത് കനാല്‍ സൈഫണ്‍ ചോര്‍ച്ച; സമീപ പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതിനാല്‍ കൃഷി കരിഞ്ഞുണങ്ങി, പ്രതിസന്ധിയിലായി കര്‍ഷകര്‍


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാര്‍ഡില്‍പ്പെട്ട പന്തിരിക്കര കവുങ്ങുള്ളചാല്‍ പ്രദേശത്ത് കനാല്‍ സൈഫണ്‍ ചോര്‍ച്ചയെത്തുതര്‍ന്ന് വെള്ളം പാഴാവുന്നതായും ആവശ്യമുള്ള പ്രദേശങ്ങലിലേക്ക് വെള്ളം എത്താത്തതായും പരാതി. ഈ ഭാഗത്തെ കൈക്കനാലിലുള്ള സൈഫണ്‍ ചോര്‍ച്ചകാരണമാണ് വെള്ളം പാഴാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പന്തിരിക്കര-വേങ്ങേരി റോഡ് കനാലിന് കുറുകെ കടന്നുപോകുന്ന സ്ഥലത്തെ സൈഫണിന്റെ അടിഭാഗത്താണ് പൊട്ടല്‍ സംഭവിച്ചിരിക്കുന്നത്.

സൈഫണ്‍ തകര്‍ച്ച കാരണം ഇതിനുശേഷമുള്ള ഭാഗങ്ങളിലേക്ക് ജലമൊഴുക്ക് നിലച്ചതായും നാട്ടുകാര്‍ പരാതിപ്പെട്ടു. തകര്‍ച്ചയെത്തുടര്‍ന്ന് കൈക്കനാലിലേക്ക് കുറഞ്ഞ അളവിലാണ് വെള്ളം തുറന്നുവിട്ടിട്ടുള്ളത്. എന്നാല്‍ ചോര്‍ച്ചകൂടിവന്നതോടെ വെള്ളം മറുഭാഗത്തെ സ്ഥലങ്ങളിലേക്ക് എത്താത്ത സ്ഥിതിയാവുകയായിരുന്നു.

ഇത് പ്രദേശത്തെ കൃഷികള്‍ക്ക് വളരെ ഭീഷണിയാവുകയാണ്. വേനല്‍ കനത്തതും വെള്ളത്തിന്റെ ലഭ്യതക്കുറവും കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങാന്‍ ഇടയാക്കുന്നു. കനാല്‍വെള്ളത്തെ ആശ്രയിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം വെള്ളം ഇനിയും എത്തിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

കനാല്‍ സൈഫന്റെ ചോര്‍ച്ചയടച്ച് പ്രദേശത്തേക്ക് എത്രയും പെട്ടന്ന് വെള്ളമെത്തിക്കണമെന്നും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.