ഇന്ത്യാ മാര്‍ട്ടിന്റെ വെബ്സൈറ്റില്‍ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് തട്ടിപ്പ്; ഗുജറാത്ത് സ്വദേശി കോഴിക്കോട് പോലീസിന്റെ പിടിയില്‍


കോഴിക്കോട്: മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാമെന്ന പേരില്‍ കോഴിക്കോട്ടെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശി പിടിയില്‍. ശൈലേഷ് ഭായ് വഹാജി ലുഹാറാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ പാഠന്‍, പാലന്‍പൂര്‍ എന്നിവിടങ്ങളില്‍ താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

ഇന്ത്യാ മാര്‍ട്ടിന്റെ വെബ്സൈറ്റില്‍ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. വ്യാജ രസീതുകള്‍ വാട്‌സ് ആപ്പ്, ഇ- മെയില്‍ വഴി അയച്ച് പണം തട്ടിയെടുക്കുകയായിരുന്നു. 2021 ഡിസംബറിലാണ് കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിരവധി ഫോണുകള്‍, സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്ന പ്രതിയുടെ ഇ- മെയില്‍ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. ഗുജറാത്തിലെ പഠാനിലെ പല ആഢംബര ഹോട്ടലുകളില്‍ താമസിച്ചു വരികയായിരുന്നു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെയും ഡി.സി.ആര്‍.ബി അസി.കമ്മിഷണറുടെയും മേല്‍നോട്ടത്തില്‍ കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്തും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.