കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്


കണ്ണൂർ: മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലൂര്‍ പഞ്ചായത്തിലെ പൂവൻപൊയിലിലാണു സംഭവം.

സജീവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ ഇവരുടെ ആയുധം സ്ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.

പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമല്ലെന്നാണു വിവരം.

Description: Explosive device explodes in Kannur; Two contract workers injured