‘റേഷൻ കടകളിൽ അരിയും ഭക്ഷ്യധാന്യങ്ങളും ഉടൻ എത്തിക്കുക’; വില്ല്യാപ്പള്ളി റേഷൻ കടയ്ക്ക് മുമ്പിൽ കോൺഗ്രസിന്റെ സായാഹ്ന ധർണ്ണ
വില്ല്യാപ്പള്ളി : വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി റേഷൻ കടയ്ക്ക് മുമ്പിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. റേഷൻ സമ്പ്രദായം കാര്യക്ഷമമാക്കുക , ഡയറക്ട് പേയ്മെന്റ് സിസ്റ്റം നടപ്പിലാക്കി റേഷൻ കടകളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, റേഷൻ കടകളിൽ അരിയും ഭക്ഷ്യധാന്യങ്ങളും ഉടൻ എത്തിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടായിരുന്നു ധർണ്ണ. കെപിസിസി സെക്രട്ടറി അഡ്വ : ഐ. മൂസ ഉദ്ഘാടനം ചെയ്തു.
ഡയരക്ട് പേമെന്റ് സിസ്റ്റത്തിലൂടെ കേന്ദ്ര സർക്കാരും, വ്യാപാരികൾക്ക് മിനിമം വേതനം നൽകാതെ കേരള സർക്കാരും റേഷൻ കടകളെ തകർക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ലഭിക്കേണ്ട ധാന്യങ്ങൾ മാസങ്ങളായി റേഷൻ കടകളിൽ ലഭ്യമല്ല. വാതിൽപ്പടി വി ത രണക്കാർ ഒരു മാസത്തോളം സമരം നടത്തിയിട്ടും സർക്കാർ മൗനം പാലിക്കുകയായിരുന്നെങ്കിലും, റേഷൻ വ്യാപാരികളെ ഭീഷണിപ്പെടുത്തി സമരം പിൻവലിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി. പി. ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.സി. ഷീബ , ടി. ഭാസ്കരൻ, വി.ചന്ദ്രൻ, എൻ. ശങ്കരൻ, പൊന്നാറത്ത് മുരളി, വി. മുരളീധരൻ, ഷീല പത്മനാഭൻ, എൻ.ബി.പ്രകാശ് കുമാർ, വി.കെ.ബാലൻ, ചന്ദ്രൻ കുറ്റിയിൽ, രവീന്ദ്രൻ. പി.ടി. കെ എന്നിവർ സംസാരിച്ചു. രഞ്ജിത്ത് കുമാർ. വി.കെ സ്വാഗതവും ഹരിദാസ്. വി.പി നന്ദിയും പറഞ്ഞു.
Summary: Evening dharna of Congress in front of Villayappally ration shop