റോഡിലെ വളവ് അപകടക്കെണിയാവുന്നു; എരവട്ടൂര്‍ കനാല്‍മുക്കില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം


പേരാമ്പ്ര: എരവട്ടൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വടകര ചാനിയംകടവ് പേരാമ്പ്ര റോഡിലെ എരവട്ടൂര്‍ കനാല്‍മുക്കിലാണ് ബസും ജീപ്പും കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അപകടമുണ്ടായത്.

യാത്രക്കാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ അല്പനേരം വാഹന ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും സംഭവ സ്ഥലത്തെത്തിയ പോലീസും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

റോഡിലെ വളവ് അപകടക്കെണിയാവുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഇരു ഭാഗത്തുനിന്നും വാഹനങ്ങള്‍ വേഗത്തില്‍ വരുന്നതാണ് കനാല്‍മുക്കിലെ വളവില്‍ അപകടങ്ങള്‍ പതിവാകാന്‍ കാരണം. റോഡ് പുനര്‍നിര്‍മാണ സമയത്തും വളവ് കുറക്കാനുള്ള നടപടിയൊന്നുമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.