കുട്ടിക്കൂട്ടത്തിന്റെ ആരവങ്ങള്‍ളോടെ നാടാകെ പ്രവേശനോത്സവം ആഘോഷിക്കുമ്പോള്‍ ഒന്നാം ക്ലാസിലെത്തിയ ഒരു കുട്ടിക്കായ് പ്രവേശനോത്സവമൊരുക്കി പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍
പേരാമ്പ്ര: നാടാകെ പ്രവേശനോത്സവത്തിന്റെ ആരവങ്ങളും ആഘോഷങ്ങളും മുഴങ്ങുമ്പോള്‍ പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ പുതുതായെത്തിയ ഒരു വിദ്യാര്‍ത്ഥിയ്ക്കായ് പ്രവേശനോത്സവമൊരുക്കി അധ്യാപകര്‍. തോരണങ്ങളാല്‍ അലങ്കരിച്ച സ്‌കൂള്‍ അങ്കണത്തില്‍ നവാഗതയായെത്തിയ കുട്ടിയെ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെ മധുരങ്ങള്‍ നല്‍കി അധ്യാപകര്‍ സ്വീകരിച്ചു. മറ്റ് സ്‌കൂളുകളെപ്പോലെ തന്നെ സൗകര്യങ്ങളും പഠന നിലവാരവും ഉണ്ടായിട്ടും ഈ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല എന്നതാണ് വസ്തുത.
എല്ലാ വിദ്യാര്‍ത്ഥികല്‍ക്കും ഒരുപോലെ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന സ്‌കൂളായിട്ടും സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശമായ പേരാമ്പ്ര സാംബവ കോളനിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂളില്‍ പഠിക്കാനായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ നിലവില്‍ ഒരു കുട്ടിമാത്രമാണ് ഒന്നാം ക്ലാസില്‍ പ്രവേശിച്ചിട്ടുള്ളത്. ഒരു വിദ്യാര്‍ത്ഥികൂടെ നാളെ എത്തും എന്ന് അറിയിച്ചതായും അധ്യാപകര്‍ പറഞ്ഞു. നിലവില്‍ സ്‌കൂളില്‍ ഈ വര്‍ഷം എട്ട് വിദ്യാര്‍ത്ഥികളാണ് ഉള്ളത്. എല്ലാവരും കോളനികളില്‍ നിന്നുള്ളവരാണ്.
അവധിക്കാലത്ത് പ്രദേശത്തെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടാനിരിക്കുന്ന പല വിദ്യാര്‍ത്ഥികളുടെയും വീടുകള്‍ കയറി കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും വിദ്യാര്‍ത്ഥികളെ അയച്ചതായി കണ്ടില്ലെന്ന് സ്‌കൂളിലെ പ്രധാനാധ്യാപിക പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ക്ക് എല്‍.എസ്.എസ് ഉള്‍പ്പെടെ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റ് ഗവ. എല്‍.പി സ്‌കൂളുകളില്‍ ഉള്ളതായ എല്ലാ വിധ സൗകര്യങ്ങളും ഇവിടെയും ഉണ്ട് പ്രധാന അധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപകരും സ്കൂളിലുണ്ട്. എന്നിട്ടും പ്രദേശത്തുള്ളവര്‍പോലും വിദ്യാര്‍ത്ഥികളെ ഇവിടെ ചേര്‍ത്താന്‍ മടി കാണിക്കുന്നു എന്നും അധ്യാപിക പറയുന്നു.