എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍


കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ ഉള്‍പ്പെടെ ചുമത്തിയ സാഹചര്യത്തില്‍ പ്രതിയ്ക്ക് ജാമ്യമനുവദിക്കാനുളള സാധ്യതയില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ എന്‍.ഐ.എ ഇന്നുതന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികള്‍ ആരംഭിക്കും.

നേരത്തെ പോലീസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനാല്‍ ഷാരൂഖിനെ ജയിലിലേക്ക് മാറ്റിയിരുന്നു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് ഇപ്പോഴുള്ളത്. ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി. അതേസമയം, എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.

കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എന്‍.ഐ.എ സംഘത്തിന് കേരളാ പോലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും കേന്ദ്ര ഏജന്‍സി പരിശോധിക്കുക. കേസ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എന്‍.ഐ.എയുടെ കൊച്ചി യൂണിറ്റ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.