വെള്ളക്കെട്ട് വില്ലനാകുന്നു; പേരാമ്പ്ര പൈങ്കുളം പാടശേഖരത്തെ തരിശുഭൂമിയെ കതിരണിയിക്കാനുള്ള ശ്രമം പാളുന്നു


പേരാമ്പ്ര: പൈങ്കുളം പാടശേഖരത്തെ തരിശുഭൂമിയില്‍ കൃഷിയിറക്കാനുള്ള ശ്രമം വിഫലമാകുന്നു. വെള്ളക്കെട്ടാണ് കൃഷിയിറക്കാനുള്ള പ്രധാന തടസം.

വാല്യക്കോട് നിന്ന് തുടങ്ങി വേവുകണ്ടി വരെ നീളുന്ന നാല് കിലോമീറ്റര്‍ ദൂരത്തില്‍ പാടശേഖരത്തിലൂടെ തോടുണ്ട്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപ്പാണ്ടിയില്‍ എത്തിച്ചേരുന്നതാണ് ഈ തോട്. ഈ തോട്ടിലൂടെ വെള്ളം ഒഴുകി പോകാതെ പാടശേഖരത്തില്‍ തന്നെ കെട്ടിനില്‍ക്കുന്ന സ്ഥിതിയാണിപ്പോള്‍.

ഏതാനും വര്‍ഷംമുമ്പ് തോട് വൃത്തിയാക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും പാടത്തിലെ അധികജലം മുഴുവന്‍ ഒഴുകിപ്പോകാനുള്ള വിധമായിട്ടില്ല. തരിശിട്ടതോടെ പാടത്ത് പായലും കത്രികപ്പുല്ലും നിറഞ്ഞുകിടക്കുകയാണ്. അട്ടയുടെ ശല്യമുള്ളതിനാല്‍ തൊഴിലാളികളും ഇറങ്ങാന്‍ മടിക്കുകയാണ്.

നേരത്തെ കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ കീഴിലുള്ള മലബാര്‍ ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെ യന്ത്രങ്ങളുപയോഗിച്ച് നിലമൊരുക്കിയശേഷം കൃഷി നടത്താന്‍ ആലോചന നടന്നിരുന്നു. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ യന്ത്രങ്ങളിറക്കി നിലമൊരുക്കല്‍ നടന്നില്ല. 75 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ പത്ത് ഏക്കര്‍ സ്ഥലത്ത് മാത്രമായിരുന്നു കുറച്ചുകാലമായി കൃഷിയിറക്കാറുണ്ടായിരുന്നത്.