എടവരാട് ദേശം ഇനി അഞ്ചുനാള്‍ ഉത്സവലഹരിയില്‍; ഈശ്വരന്‍ കൊയിലോത്ത് ശ്രീ നാഗകാളി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം


എടവരാട്: എടവരാട് ഈശ്വരന്‍ കൊയിലോത്ത് ശ്രീ നാഗകാളി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്നു മുതല്‍ മാര്‍ച്ച് 14 വരെ അഞ്ച് ദിവസങ്ങലിലാണ് ഉത്സവം നടക്കുന്നത്.

വൈകുന്നേരം 5മണിയ്ക്ക് ബാണത്തൂരില്ലത്ത് ഉണ്ണിമാധവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന കൊടിയേറ്റ ചടങ്ങോടെയാണ് ഉത്സവം ആരംഭിക്കുന്നത്. 6മണിക്ക് സഹസ്രദീപ സമര്‍പ്പണവും 7മണിക്ക് തൊടുവയില്‍മുക്ക് അയ്യപ്പ ഭജനമഠത്തില്‍ നിന്ന് താലപ്പൊലിയും നടക്കും. തുടര്‍ന്ന് 8 മണിക്ക് പ്രസാദ ഊട്ടും 8.30ന് അന്യം നിന്നുപോവുന്ന അനുഷ്ഠാന ചടങ്ങുകളായ കളമെഴുത്തും നാഗപ്പാട്ടും അഷ്ടനാഗക്കളവും അറങ്ങേറും.

നാഗപ്പാട്ടുത്സവത്തിന്റെ രണ്ടാം ദിവസമായ മാര്‍ച്ച് 10ന് ദിനം പ്രതിയുള്ള ചടങ്ങുകള്‍ക്ക് പുറമെ നാഗക്കാളിക്കളം, താലപ്പൊലി, പാലും പൊടിപൂജ, ഗുരുതി ഭൂതക്കളം എന്നിവ നടക്കും. മാര്‍ച്ച് 11ന് അന്നദാനവും കഞ്ഞിപ്പുരയില്‍ കൂടല്‍ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.

12ന് നട്ടത്തിറ ഇളനീര്‍കുലമുറി, നാഗകാളി, ഗുളികന്‍ വെള്ളാട്ടം എന്നിവ നടക്കും. പ്രധാന ഉത്സവ ദിനമായ 13ന് എണ്ണനിറ, എണ്ണ ഇളനീര്‍ക്കുല വരവ്, നാഗകാളി, ഗുളികന്‍, നാഗരാജാവ്, നാഗയക്ഷി എന്നിവരുടെ വെള്ളാട്ടവും ഉണ്ടായിരിക്കും.

14ന് രാത്രി 1മണിയ്ക്ക് നാഗഭഗവതിയുടെ ഇളങ്കോലം, രാത്രി 2മണിക്ക് നാഗരാജാവ്, നാഗയക്ഷി, നാഗകാളി, ഗുളികന്‍ തിറ എന്നിവയും അരങ്ങേറും. അവസാന ദിവസം എണ്ണ ഇളനീരാട്ടം, കഴകം പിരിയല്‍ ചടങ്ങുകളോടെ ഉത്സവത്തിന് സമാപനം കുറിക്കും.