ഇനി അധികകാലം ഒ.പിയില്‍ ക്യൂനില്‍ക്കേണ്ടിവരില്ല, തിരക്കുള്ള വിഭാഗങ്ങളില്‍ മുന്‍കൂര്‍ ബുക്കിങ്ങിന് സൗകര്യവും, പേരാമ്പ്ര താലൂക്ക് ആശുപത്രി അടിമുടി മാറുന്നു; ഇ ഹെല്‍ത്ത് ആദ്യഘട്ടം ഉടന്‍ നടപ്പിലാക്കും


പേരാമ്പ്ര: അതിരാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വീട്ടില്‍ നിന്നിറങ്ങി ഒ.പി ശീട്ടിനും മറ്റും മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് ഡോക്ടറെ കാണിക്കുന്ന രീതി പഴങ്കഥയാവാന്‍ അധികകാലം വേണ്ടിവരില്ല.
പേരാമ്പ്ര താലൂക്ക് ആശുപത്രി മാറുകയാണ്. ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറാനുള്ള സാങ്കേതികമായ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞതായി ഡി.എം.ഒ ഓഫീസിലെ ജില്ലാ പ്രൊജക്ട് എഞ്ചിനിയര്‍ ശ്യാംജിത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് യുണീക്ക് ഹെല്‍ത്ത് ഐഡന്റിറ്റി കാര്‍ഡ് (യു.എച്ച്.ഐ.ഡി) നല്‍കും. ഇതിന് മുന്നോടിയായുള്ള വിവരശേഖരണങ്ങള്‍ നടത്താന്‍ നേരത്തെ തന്നെ ജെ.എച്ച്.ഐമാര്‍ക്ക് കരാര്‍ നല്‍കുകയും വിവരശേഖരണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ സാങ്കേതിക സൗകര്യങ്ങളെല്ലാം ആശുപത്രിയില്‍ ഇതിനകം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് സൗകര്യങ്ങളൊരുക്കിയത്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായവും ലഭിച്ചിരുന്നു.

യു.എച്ച്.ഐ.ഡി കാര്‍ഡ് വിതരണം പൂര്‍ത്തിയായാല്‍ അടുത്തഘട്ടത്തില്‍ ഒ.പി രജിസ്‌ട്രേഷന്‍ ഇ.ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറും. പിന്നീട് പതിയെ ഫാര്‍മസി, ലാബ് തുടങ്ങിയവ കൂടി ഇ. ഹെല്‍ത്തിലേക്ക് മാറുന്നതോടു കൂടി പേരാമ്പ്ര താലൂക്ക് ആശുപത്രി പേപ്പര്‍രഹിത ആശുപത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇ ഹെല്‍ത്ത് പദ്ധതിയിലേക്ക് മാറുന്നതോടു കൂടി രോഗികളുടെ ഹിസ്റ്ററി ചികിത്സിയ്ക്കുന്ന ഡോക്ടര്‍ക്ക് എളുപ്പം മനസിലാക്കാന്‍ സാധിക്കും. അതിനാല്‍ രോഗനിര്‍ണയവും ചികിത്സയും കുറേക്കൂടി കാര്യക്ഷമമാകും. കൂടാതെ ആശുപത്രിയില്‍ നീണ്ട ക്യൂ വില്‍ നിന്ന് ഒ.പിയെടുക്കേണ്ട അവസ്ഥയും മാറും. യു.എച്ച്.ഐ.ഡി കാര്‍ഡ് നമ്പര്‍ വഴി ഇഹെല്‍ത്ത് പോര്‍ട്ടലിലൂടെ രോഗികള്‍ക്ക് ഓണ്‍ലൈനായി ഒ.പി ടിക്കറ്റെടുക്കാം. പേരാമ്പ്ര താലൂക്ക് ആശുപത്രിയ്ക്കു പുറമേ ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറിയ മറ്റ് ആശുപത്രികളിലേക്കും ഈ നമ്പര്‍ ഉപയോഗിച്ച് ഒ.പി ടിക്കറ്റെടുക്കാം. റഫറല്‍ ആശുപത്രിയിലേക്ക് വരെ ഇത്തരത്തില്‍ വീട്ടിലിരുന്ന് ഒ.പി ടിക്കറ്റെടുക്കാനുള്ള സംവിധാനമുണ്ടാകുമെന്നും ശ്യാംജിത്ത് പറഞ്ഞു.