ദുരിതപെയ്ത്തിലും വിശന്നിരിക്കുന്നവരെ ‘ഹൃദയപൂർവ്വം’ചേര്‍ത്ത്പ്പിടിച്ച് ചെറുവണ്ണൂര്‍; ഡി.വൈ.എഫ്.ഐ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തത് 3405 പൊതിച്ചോറുകള്‍


ചെറുവണ്ണൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴ, ചുറ്റോട് ചുറ്റും വെള്ളക്കെട്ട്, വെള്ളത്തില്‍ മുങ്ങിയ റോഡുകള്‍. എന്തൊക്കെയായാലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറിനായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’ ചെറുവണ്ണൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കനത്ത മഴയെയും വകവെക്കാതെ മുന്നോട്ട് പോവുകയായിരുന്നു.

ഇന്നായിരുന്നു ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയിയുടെ ഭാഗമായി ചെറുവണ്ണൂര്‍ മേഖലാ കമ്മിറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പൊതിച്ചോറുകള്‍ വിതരണം ചെയ്തത്‌. രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴയില്‍ ചെറുവണ്ണൂരിലെ പല ഭാഗങ്ങളിലും വെള്ളത്തില്‍ മുങ്ങിയിരുന്നു. എന്നിരുന്നാലും വിശന്നിരിക്കുന്നവരെ ആ നാട് ദുരിതപ്പെയ്ത്തിലും ചേര്‍ത്ത്പ്പിടിച്ചു. 3045 പൊതിച്ചോറുകളാണ് ഇന്നലെ ഇവിടെ നിന്നും പ്രവര്‍ത്തകര്‍ കൊണ്ടുപോയത്.

സാധാരണ കൊടുക്കുന്നതില്‍ നിന്നും അറുപതോളം പൊതി ഇന്നലെ കൂടുതലുണ്ടായിരുന്നു. പല വീടുകളിലേക്കും മുട്ടാളം വെള്ളത്തില്‍ നടന്നാണ് പ്രവര്‍ത്തകര്‍ പൊതിച്ചോറ് ശേഖരിക്കാനായി എത്തിയത്. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക്‌ സെക്രട്ടറി വി.കെ അമർഷാഹി, സിപിഐഎം ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി ടി.മനോജ്‌ എന്നിവർ ഫ്ലാഗ് ഓഫ്‌ ചെയ്‌തു. ബ്ലോക്ക്‌ കമ്മിറ്റി അംഗം അഭിരാജ്, മേഖല സെക്രട്ടറി മനു, പ്രസിഡന്റ് ഷിബിന മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക്‌ നേതൃത്വം നൽകി. പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നതിനിടെ അഭിരാജ്, ആശിഷ്, ശ്രീലാൽ എന്നിവര്‍ ഇന്നലെ മെഡിക്കല്‍ കോളേജില്‍ രക്തദാനവും നടത്തിയിരുന്നു.