വയനാടിനെ ചേർത്ത് പിടിച്ച് വടകര; രണ്ട് ലോറി നിറയെ അവശ്യ വസ്തുക്കൾ, മുന്നിൽ നിന്ന് നയിച്ച് ഡി.വൈ.എഫ്.ഐ


വടകര: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യമായ ആവശ്യവസ്തുക്കള്‍ ശേഖരിച്ച് എത്തിച്ചുനല്‍കിയത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകരയില്‍ ആവശ്യവസ്തുക്കള്‍ പ്രവര്‍ത്തകര്‍ ശേഖരിക്കാന്‍ തുടങ്ങിയത്.

ഇന്നലെ ഉച്ചയോടെയാണ് അവശ്യസാധനങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിവരം സോഷ്യല്‍മീഡിയ വഴി ആളുകളിലേക്ക് എത്തുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തകര്‍ക്ക് സഹായങ്ങളുമായി നിരവധി പേരാണ് എത്തിയത്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റ് മേഖലാ കമ്മിറ്റികള്‍ ശേഖരിച്ച സാധനങ്ങള്‍ രണ്ട് ലോറികളിലായാണ് ഇന്ന് രാവിലെ വയനാട്ടിലേക്ക് പുറപ്പെട്ടത്.

വടകര ടൗണിലെ സുര്യ വസ്ത്രാലയം, യാര തുടങ്ങിയ കടകളും സഹായങ്ങളുമായി പ്രവര്‍ത്തകരെ സമീപിച്ചിരുന്നു. മാത്രമല്ല ടൗണിലെ നിരവധി ചെറുകിട കടയുടമകളും അവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. കൂടുതലായും മെഡിസിനുകളാണ് ലഭിച്ചത്.

തുടര്‍ന്ന് രാവിലെ പുലരും വരെ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ തരംതിരിക്കുകയും പാക്ക് ചെയ്യുകയും ചെയ്തും. തുടര്‍ന്ന് രണ്ട് ലോറികളിലായി സാധനങ്ങള്‍ ഡി.വൈ.എഫ്.ഐയുടെ ജില്ലാ കലക്ഷന്‍ സെന്ററില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് സാധനങ്ങള്‍ വയനാട്ടിലേക്ക് കൊണ്ടു പോവുന്നത്.

എന്നാല്‍ വടകരയില്‍ നിന്നും ലോറി പുറപ്പെട്ടതിന് ശേഷവും ആളുകള്‍ സഹായങ്ങളുമായി സമീപിച്ചെന്നും, ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ വീണ്ടും അവശ്യസാധനങ്ങള്‍ ശേഖരിച്ച് അയക്കാന്‍ തയ്യാറാണെന്നും ഡി.വൈ.ഫെ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.