നിറഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിയാക്കി വാശിയേറിയ പോരാട്ടം, വിജയം നിര്‍ണയിച്ച് പെനാല്‍റ്റി ഷൂട്ടൗട്ട്; ചെറുവണ്ണൂരില്‍ നടക്കുന്ന ഇ.എം.എസ് കപ്പ് ഫുട്‌ബോള്‍ മേളയില്‍ ആദ്യ ദിനം വിജയികളായി എം.എസ്.എ സ്‌പോര്‍ട്‌സ് മാഹിയും സോക്കര്‍ കാലിക്കറ്റും


ചെറുവണ്ണൂര്‍: ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖലാ കമ്മിറ്റി മുയിപ്പോത്ത് നിരപ്പം ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ് കപ്പ് ഉത്തരമേഖല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീത് മുഖ്യാതിഥിയായി. മേഖലാ സെക്രട്ടറി എ.കെ അഭിരാജ് അധ്യക്ഷത വഹിച്ചു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി, സി.പി.ഐ.എം ചെറുവണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി ടി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ.എം രാജന്‍ സ്വാഗതവും വി സുധീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ആദ്യമത്സരത്തില്‍ ഫാല്‍ക്കണ്‍സ് തിരുവോടും എം.എഫ്.എ സ്‌പോര്‍ട്‌സ് മാഹിയും തമ്മില്‍ ഏറ്റുമുട്ടി. വാശിയേറിയ മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി. പിന്നീട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 6-5ന് എം.എഫ്.എ മാഹി വിജയിച്ചു. രണ്ടാം മത്സരത്തില്‍ ഷോബോയ്‌സ് പേരാമ്പ്രയും സോക്കര്‍ കാലിക്കറ്റും ഏറ്റുമുട്ടി. ഈ മത്സരത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയപ്പോള്‍ 5-4 എന്ന പെനാല്‍റ്റിയില്‍ സോക്കര്‍ കാലിക്കറ്റ് വിജയികളായി.

മെയ്യ് 16 മുതല്‍ ആരംഭിച്ച മത്സരം 19 വരെ തുടരും. മലബാറിലെ പ്രമുഖ ടീമുകളായ ഫാല്‍ക്കണ്‍സ് തിരുവോട്, എം.എഫ്.എ സ്‌പോര്‍ട്‌സ് മാഹി, ഷോബോയ്‌സ് പേരാമ്പ്ര, സോക്കര്‍ കാലിക്കറ്റ്, വീവണ്‍ എഫ്.സി വയനാട്, ബിബോയ്‌സ് തിരുവോട്, എന്‍.എഫ്.എ നിരപ്പം, വീവണ്‍ സ്‌പോര്‍ട്‌സ് വടകര എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ദിവസവും രാത്രി 6.30നും 8മണിക്കുമായി രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ അവസാന ദിനമായ മെയ് 19ന് ഫൈനല്‍ മത്സരം നടക്കും.

ബുധനാഴ്ച്ചത്തെ മത്സരങ്ങള്‍ 6.30ന് വീവണ്‍ എഫ്.സി വയനാടും ബിബോയ്‌സ് തിരുവോടും രണ്ടാം മത്സരം 8 മണിയ്ക്ക് എന്‍.എഫ്.എ നിരപ്പവും വീവണ്‍ സ്‌പോര്‍ട്‌സ് വടകരയും തമ്മില്‍ നടക്കും.