രാത്രിയിൽ പാചകവാതകം ചോർന്ന് വീടാകെ പരന്നു, വീട്ടുകാർ അറിഞ്ഞത് കാലത്ത്; പേരാമ്പ്രയിൽ ഫയർ ഫോഴ്സിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം


പേരാമ്പ്ര: രാത്രിയില്‍ പാചക വാതകം ചോർന്ന് വീടാകെ നിറഞ്ഞു. വീട്ടുകാർ അറിഞ്ഞത് കാലത്ത് അഞ്ചുമണിയോടെ വീട്ടുകാർ ഉണർന്നപ്പോൾ. വിവരമറിഞ്ഞ് എത്തിയ പേരാമ്പ്ര അഗ്നി രക്ഷാസേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വൻദുരന്തം.

പേരാമ്പ്ര കൊടേരിച്ചാല്‍ പടിഞ്ഞാറേ മൊട്ടമ്മല്‍ രാമദാസിന്‍റെ വീട്ടിലാണ് ഉപയോഗശേഷം റെഗുലേറ്റർ ഓഫാക്കാത്തതിനെ തുടർന്ന് പൈപ്പ് ജോയിന്‍റിലൂടെ ഗ്യാസ് ചോർന്ന് വീട്ടിലെ മുറികളില്‍ നിറഞ്ഞത്. പുലർച്ചെ രാംദാസ് ഉണർന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഉടനെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.

വൈദ്യുത സ്വിച്ചുകള്‍ പ്രവർത്തിപ്പിക്കാതെ മുൻവശത്തെ വാതില്‍ ശ്രദ്ധയോടെ തുറന്ന് കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നും പുറത്തെത്തിക്കാൻ ഉടനെ ഫയർഫോഴ്സ് നിർദേശം നല്‍കി. തുടർന്ന് അസി.സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമന്‍റെ നേതൃത്വത്തില്‍ ഫയർ ആൻഡ് റെസ്ക്യൂ ടീം വീട്ടിലെത്തി. വെള്ളം സ്പ്രേ ചെയ്ത് മുറികളിലെ ഗ്യാസ് നിർവീര്യമാക്കിയശേഷം അടുക്കളയില്‍ പ്രവേശിച്ച്‌ സിലിണ്ടർ വീടിനു വെളിയിലേക്ക് മാറ്റി. തുടർന്നു വീടിന്‍റെ ജനലുകളും വാതിലുകളും തുറന്ന് വായു സഞ്ചാരം സുഗമമാക്കി.

ഫയർ ഓഫീസർമാരായ പി.ആർ.സോജു, പി.സി.ധീരജ്‌ലാല്‍, എം.പി.ആരാധ് കുമാർ, ഹോംഗാർഡ് കെ.പി. ബാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്‍കി.

Summary: During the night, cooking gas leaked and spread throughout the house. A major disaster was averted in Perampra by the intervention of the fire force