ഓണ്‍ലൈന്‍ പെയ്മെന്റ് സ്വീകരിച്ച് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ ലഹരി വ്യാപാരം; കേസില്‍ ഒരു കണ്ണികൂടി അറസ്റ്റില്‍


കോഴിക്കോട് : ഓൺലൈനിലൂടെ പണമിടപാട് നടത്തി ലഹരിമരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയില്‍. ലഹരി മരുന്നും 5.50 ലക്ഷം രൂപയും കൈവശം വെച്ചിരുന്ന പ്രതിയെ അര്‍ധരാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കല്ലായി ചക്കാലക്കൽ വീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് മണക്കടവ് കുന്നംകുളങ്ങരയിലെ വാടകവീട്ടിൽ നിന്നു പിടികൂടിയത്. കൊക്കെയ്ൻ, ഹഷീഷ് ഓയിൽ എന്നിവ കണ്ടെടുത്തു.

കഴിഞ്ഞ മാസം ഇരുപതിന് കർണാടക റജിസ്ട്രേഷനുള്ള ആഡംബര കാറിൽ 35 ഗ്രാം എംഡിഎംഎ സഹിതം രണ്ട് പേരെ ടൗൺ പൊലീസ് ഗുജറാത്തി സ്ട്രീറ്റില്‍ നിന്ന് പിടികൂടിയിരുന്നു. അവർക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അൻസാരിയും മറ്റൊരാളും അന്നു രക്ഷപ്പെട്ടു. കാറും കാറിലുണ്ടായിരുന്ന ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് കുപ്പി, സിറിഞ്ച് തുടങ്ങിയവയുംഉപയോഗിച്ചായിരുന്നു ഇവരുടെ ലഹരി കച്ചവടം. പിന്നീട് റിമാൻഡിലായിരുന്ന പുതിയറ ലതാപുരിയിൽ നൈജിൽ റിറ്റ്സ് (29), മാത്തോട്ടം ഷംജാദ് മൻസിൽ സഹൽ (22) എന്നിവരെ ടൗൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനിടെയാണ് മുഹമ്മദ് അൻസാരിയെ കുറിച്ച് വിവരം ലഭിച്ചത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. രാത്രി 11.30ന് ആണ് പൊലീസ് ഇവിടെ നിന്നു മടങ്ങി. സംസ്ഥാനത്തിനു പുറത്തു നിന്നും ലഹരിമരുന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് മുഹമ്മദ് അൻസാരിയെന്നാണ് പൊലീസ് നിഗമനം.

ഏറെ വൈകിയും വാഹനങ്ങളിൽ ആളുകൾ മണക്കടവ് കുന്നംകുളങ്ങരയിലെ വീടിനു സമീപം റോഡിൽ എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മുഹമ്മദ് അൻസാരി വീട്ടിലുള്ളതിന്റെ സൂചനയായി ഇരുനില വീടിന്റെ മുകൾ നിലയിൽ നിന്ന് നീല ലൈറ്റ് പ്രകാശിപ്പിക്കും.