മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യല്ലേ, പണി പിന്നാലെ വരും! കള്ള് കുടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു (വീഡിയോ കാണാം)


തൃശൂര്‍: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ യുവതിയ്‌ക്കെതിരെ കേസ്. ചേര്‍പ്പ് സ്വദേശിനിയായ യുവതിയെയാണ് എക്‌സൈസ് കേസെടുത്ത് അറസ്റ്റു ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നടപടി. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു.

സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ വേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും യുവതികള്‍ മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമായതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെയും റീച്ചും വര്‍ധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് പറയുന്നു.

അഞ്ച് യുവതികള്‍ മദ്യപിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് വിദേശത്തുനിന്ന് വന്നതിന്റെ ആഘോഷത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. തൃശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുകയായിരുന്നു.

അതേസമയം എക്‌സൈസ് അധികൃതരുടെ നടപടി സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതിയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത് മദ്യ വില്‍പന ആണെന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രി അടക്കം പറഞ്ഞിട്ടുള്ള സംസ്ഥാനത്താണ് കള്ള് കുടിച്ചതിന് യുവതി അറസ്റ്റിലായതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. ബീവറേജസ് കോര്‍പ്പറേഷന്‍ വിദേശ മദ്യത്തിലൂടെയും കള്ളുഷാപ്പുകളില്‍ കള്ളിലൂടെയും നല്‍കുന്നത് ലഹരി തന്നെയാണ്. പിന്നെ എന്തിനാണ് ഒരു യുവതിയെ കള്ള് കുടിച്ചതിന് അറസ്റ്റു ചെയ്യുന്നതെന്നും പ്രതികരിക്കുന്നു ചിലര്‍.

കള്ളിനേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്യുന്ന ആദ്യത്തെ ആളല്ല അറസ്റ്റിലായ യുവതിയെന്നും പുരുഷന്മാര്‍ ചെയ്യുമ്പോള്‍ പ്രശ്‌നമില്ലാത്തത് എന്തുകൊണ്ടാണ് ഇപ്പോള്‍ പ്രശ്‌നമാകുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്. ഒരു സ്ത്രീ ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്നും പുരുഷനായിരുന്നു ചെയ്തതെങ്കില്‍അറസ്റ്റ് ചെയ്യാന്‍ ആരും വരില്ലെന്നും വിമര്‍ശിക്കുന്നുണ്ട്.